തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ പൂർത്തിയായി. 322 കേന്ദ്രങ്ങളിലായി 1.15 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ നടന്ന പരീക്ഷയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
ശരീര താപനില പരിശോധനയ്ക്ക് ശേഷം സാമൂഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഓരോ ക്ലാസ് മുറിയിലും 12 വിദ്യാർത്ഥികൾ വീതമാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഹാളും പരിസരവും നേരത്തെ അണുവിമുക്തമാക്കിയിരുന്നു. മാസ്ക്,ഗ്ലൗസ്,സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയിരുന്നു. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ ഓരോ വിദ്യാർത്ഥികൾക്കും സമയക്രമം നിശ്ചയിച്ച് നൽകിയിരുന്നു. പരീക്ഷ കഴിഞ്ഞും ഒന്നിച്ചിറക്കാതെ സമയക്രമം നിശ്ചയിച്ചാണ് പുറത്തിറക്കിയത്.
പലയിടത്തും കനത്ത മഴയെ തുടർന്ന് കേന്ദ്രങ്ങളിലെത്തിച്ചേരാൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടി. പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ഏർപ്പെടുത്തിയിരുന്നു.
പൊതുവേ പരീക്ഷ എളുപ്പമായിരുന്നെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. ബയോളജിയിലെയും കെമിസ്ട്രിയിലെയും ചോദ്യങ്ങൾ താരതമ്യേന എളുപ്പമായിരുന്നെങ്കിലും ഫിസിക്സ് ചോദ്യങ്ങൾ വിദ്യാർത്ഥികളെ വലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |