മുംബയ്: കൊവിഡും ലോക്ക്ഡൗണും മൂലം വ്യവസായ-വാണിജ്യ രംഗത്തെ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ ഊർജ ഉപഭോഗവും കുറയുന്നു. 2019 ആഗസ്‌റ്റിനേക്കാൾ രണ്ടു ശതമാനം കുറവ് ഉപഭോഗമാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയതെന്ന് പവർ സിസ്‌റ്റം ഓപ്പറേഷൻ കോർപ്പറേൻ (പൊസോക്കോ) വ്യക്തമാക്കി.
ഊർജ ഉപഭോഗത്തിൽ വെറും 1.1 ശതമാനമായിരുന്നു 2019ലെ വളർച്ച. കഴിഞ്ഞവർഷം ആഗസ്‌റ്റ് മുതലാണ് ഉപഭോഗമാന്ദ്യം ആരംഭിച്ചത്. ഈവർഷം ജനുവരി മുതൽ കഴിഞ്ഞമാസവും ദൃശ്യമായത് ഉപഭോഗം കുറയുന്ന ട്രെൻഡാണ്.
വ്യവസായ സംസ്ഥാനങ്ങളായ മഹാരാഷ്‌ട്രയിലും ഗുജറാത്തിലും വൈദ്യുതി ഉപഭോഗം 9 ശതമാനം വീതം ഇടിഞ്ഞു. ജൂലായിൽ മഹാരാഷ്‌ട്ര 12 ശതമാനവും ഗുജറാത്ത് 17 ശതമാനവും ഇടിവ് കുറിച്ചിരുന്നു. ഗോവ, ഡാമൻ ആൻഡ് ദിയു രേഖപ്പെടുത്തിയ ഇടിവ് കഴിഞ്ഞമാസം 22 ശതമാനം.
ദാദ്ര ആൻഡ് നാഗർഹവേലി 18.5 ശതമാനവും ഒഡീഷയും ഡൽഹിയും 10 ശതമാനത്തിനുമേലും തെലങ്കാന ആറു ശതമാനവും ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവ അഞ്ചു ശതമാനം വീതവും കുറവ് രേഖപ്പെടുത്തി. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവ വളർച്ച രേഖപ്പെടുത്തി.
ഉപഭോഗമാന്ദ്യം
(ഊർജ ഉപഭോഗത്തിൽ പ്രമുഖ ഉത്‌പാദക സംസ്ഥാനങ്ങൾ ആഗസ്‌റ്റിൽ കുറിച്ച ഇടിവ്)
മഹാരാഷ്‌ട്ര : 9%
ഗുജറാത്ത് : 9%
തെലങ്കാന : 6%
തമിഴ്‌നാട് : 5%
ആന്ധ്രപ്രദേശ് : 5%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |