കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷൻ തട്ടിപ്പിലെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനിയെങ്കിലും രാജിവച്ച് അന്വേഷണം നേരിടാൻ മുഖ്യമന്ത്രി തയ്യാറാവണം. സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സെക്രട്ടേറിയറ്റിലെ ഫയലുകൾ കത്തിച്ചത് ഇതിന് വേണ്ടിയാണ്. സി.സി ടിവി ദൃശ്യങ്ങൾ വിട്ടുകൊടുക്കാതെ ദേശീയ ഏജൻസികളുടെ അന്വേഷണത്തിന് തടസം നിൽക്കുകയാണ് സംസ്ഥാന സർക്കാർ.
ലൈഫ് മിഷൻ കമ്മിഷന്റെ തൊണ്ടിമുതൽ മാറ്റാനാണ് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ക്വാറന്റൈൻ നിയന്ത്രണം ലംഘിച്ച് കണ്ണൂരിലെ ബാങ്കിൽ എത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ദേശീയ ഏജൻസികളും കേരള പൊലീസും ഇത് അന്വേഷിക്കണം. സ്വർണമാണോ പണമാണോ അതോ രേഖയാണോ ഭാര്യ ലോക്കറിൽ നിന്നു മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കണം.സ്വപ്ന സുരേഷ് നെഞ്ചുവേദനയുമായി ആശുപത്രിയിലായപ്പോൾ നഴ്സിന്റെ ഫോണിൽ ചില ഉന്നതരോട് കേസിനെപ്പറ്റി സംസാരിച്ചത് ഗൗരവതരമാണ്.
ഇടയ്ക്കിടക്ക് സ്വപ്നയ്ക്ക് നെഞ്ചുവേദന വരുന്നത് അസ്വഭാവികതയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |