ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണം 80,000 പിന്നിട്ടു.
ഞായറാഴ്ച 93,215 പുതിയ രോഗികളും 1,140 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാംദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 90,000 കടക്കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 78 ശതമാനമായി ഉയർന്നതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,512 പേർ സുഖംപ്രാപിച്ചു. ആകെ രോഗമുക്തർ 37,80,107.
ചികിത്സയിലുള്ളവരിൽ 60 ശതമാനത്തിലധികവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ 5 സംസ്ഥാനങ്ങളിലാണ്. രോഗമുക്തരുടെ 60 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,071 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് ബാധിച്ചത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 9,800 പേർക്കാണ് ആന്ധ്രയിൽ പുതുതായി രോഗം ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 1,136 പേരാണ് മരിച്ചത്. ഇതിൽ 53 ശതമാനവും മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിൽ. പുതുതായി റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 36 ശതമാനവും മഹാരാഷ്ട്രയിലാണ് (416).
ഛത്തീസ്ഗഡ് മുൻ മന്ത്രി മരിച്ചു
ഛത്തീസ്ഗഡിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ചനേഷ് റാം രാത്തിയ (78) കൊവിഡ് ബാധിച്ച് മരിച്ചു. റായ്ഗഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വടക്കൻ ഛത്തീസ്ഗഡിൽ നിന്നുള്ള പട്ടികവർഗ നേതാവാണ്. സംസ്ഥാന വിഭജനത്തിന് മുമ്പ് മദ്ധ്യപ്രദേശിലെ ദ്വിഗ്വിജയ് സിംഗ് മന്ത്രിസഭയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി. ചത്തീസ്ഗഡ് രൂപീകരിച്ച ശേഷം അജിത് ജോഗി മന്ത്രിസഭയിൽ ഭക്ഷ്യപൊതുവിതരണവകുപ്പ് കൈകാര്യം ചെയ്തു.
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കൊവിഡ് രോഗമുക്തനായി.
എ.ഐ.എം.ഐ.എം എം.എൽ.എ ജാഫർ ഹുസൈൻ മെഹ്‌രാജിന് കൊവിഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |