ലണ്ടൻ : കൊവിഡ് 19ന് പ്രത്യേകിച്ച് മാസ്കോ മരുന്നോ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് നമുക്കറിയാം. സാമൂഹ്യ അകലത്തിലൂടെയും ഫേസ്‌മാസ്‌ക് ധരിച്ചുമൊക്കെയാണ് വൈറസ് ബാധ തടയാനുള്ള മാർഗം. ഫേസ്‌മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാൽ കർശന നടപടിയാണ് സ്വീകരിക്കുക. എൻ 95, തുണി തുടങ്ങിയ മാസ്കുകളാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ പാമ്പിനെ മാസ്ക് ആയി ഉപയോഗിക്കാൻ പറ്റുമോ... അതും ജീവനുള്ളതിനെ. ! കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാം പക്ഷേ, അത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ബസ് യാത്രക്കാരൻ. മാസ്കിന് പകരം ഒരു കൂറ്റൻ പെരുമ്പാമ്പ് ആയിരുന്നു ഇയാളുടെ മുഖത്തെയും കഴുത്തിനെയും ചുറ്റിയിരുന്നത്.
യു.കെയിലാണ് സംഭവം. പെരുമ്പാമ്പിനെ കഴുത്തിലിട്ടിരിക്കുന്ന ഇയാളെ കണ്ടതോടെ യാത്രക്കാരെല്ലാം പേടിച്ച് ദൂരെ പോവുകയാണ് ചെയ്തത്. ബസിൽ കയറുന്നതിന് മുമ്പ് മാസ്കിന്റെ സ്ഥാനത്ത് പാമ്പ് ചുറ്റിയിരുന്നത് ഭീതിയോടെ യാത്രക്കാർ ഓർക്കുന്നു. ബസിൽ കയറി ഇരുന്ന ശേഷം ഇയാൾ പാമ്പിനെ എടുത്ത് ബസിന്റെ കമ്പിയിലേക്ക് വയ്ക്കുകയും അത് അവിടെ ചുരുണ്ട് ഇരിക്കുകയും ചെയ്തു. യാത്രക്കാർ പേടിച്ച് വിരണ്ടിട്ടും പാമ്പിനും പാമ്പിന്റെ ഉടമസ്ഥനും യാതൊരു കുലുക്കവുമില്ലായിരുന്നു.
പൊതുഗതാഗത സൗകര്യം ഉപയോഗിക്കുമ്പോൾ മാസ്ക് നിർബന്ധമാക്കി കൊണ്ടുള്ള യു.കെ സർക്കാർ ഉത്തരവിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് ചിലർ പറയുന്നു. എന്നാൽ പാമ്പിനെയും കൊണ്ട് കയറിയ ഈ വഴിയാത്രക്കാരന്റെ പ്രവൃത്തിയെ മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബസ് കമ്പനി ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |