തിരുവനന്തപുരം: ഡുണ്ടു, ബോസ്, മുത്ത്, ആരോമൽ, മന്ദാഗിനി, സൗകര്യ... സ്കൂൾ കുട്ടികളുടെ ഹാജർബുക്കിലെ പേരുകളല്ല. കെ.എസ്.ആർ.ടി.സി നോൺ സ്റ്റോപ്പ് ബസിന് യാത്രക്കാർ നൽകിയ പേരുകളിൽ ചിലതാണ്. യാത്രക്കാർ എവിടെ കൈ കാണിച്ചാലും എവിടെ ഇറങ്ങണമെന്നു പറഞ്ഞാലും നിറുത്തുന്ന ബസുകളാണ് നോൺ സ്റ്റോപ്പ് ഓർഡിനറി ബസുകൾ. ബിജു പ്രഭാകർ എം.ഡിയായ ശേഷം നടപ്പിലാക്കിയ ഈ സർവീസുകൾക്ക് ഉചിതമായ പേരു നിർദ്ദേശിക്കാൻ യാത്രക്കാരോടു ആവശ്യപ്പെട്ടിരുന്നു. കോർപറേഷന്റെ ഫേസ്ബുക്ക് പേജിലാണ് പേര് നിർദ്ദേശിക്കേണ്ടത്.
രണ്ടു ദിവസത്തിനുള്ളിൽ കിട്ടിയത് തൊള്ളായിരത്തോളം പേരുകൾ. ജനപ്രിയ, ജനമൈത്രി, ജനഹിത എന്നിങ്ങനെയുള്ള പേരുകളും നിർദ്ദേശിച്ചിട്ടുണ്ട്. തെന്നൽ, സഹായി, മിത്രം, പടിക്കൽ, സഹചാരി, സ്വപ്ന സഞ്ചാരി, വാമനൻ, ചങ്ക്, ആനവണ്ടി, ആനക്കുട്ടൻ, എക്സ്ട്രാ ഓർഡിനറി, ആൾ ലിമിറ്റഡ് സ്റ്റോപ്പ് സർവീസിനെ ചുരുക്കി 'ഉൾസ്', അവിരാമം എന്നിങ്ങനെയാണ് മറ്റ് പേരുകൾ.
സവാരിഗിരി ഗിരി എന്ന സിനിമാ ഡയലോഗും, പ്രജാപതി, നിന്നിഷ്ടം എന്നിഷ്ടം, ഒറ്റയാൻ തുടങ്ങിയ സിനിമാ പേരുകളും കൂട്ടത്തിലുണ്ട്. എല്ലായിടത്തും നിറുത്തി പോകുന്ന ബസിന്റെ വേഗതയെ കളിയാക്കി ഒച്ച്, ആമച്ചേട്ടൻ തുടങ്ങിയ പേരുകളും ചില സരസന്മാർ ചേർത്തിട്ടുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പരിഹാസവും സ്റ്റോപ്പില്ലാത്തിടത്ത് ബസ് പെട്ടെന്നു നിറുത്തിയാൽ പിന്നിലായി വരുന്ന വാഹനങ്ങൾ ഇടിക്കില്ലേ തുടങ്ങിയ കമന്റുകളും കിട്ടിയിട്ടുണ്ട്.
പേരിടൽ അടുത്ത ആഴ്ച
നിർദ്ദേശിച്ച പേരുകളിൽനിന്ന് കെ.എസ്.ആർ.ടി.സി ചില പേരുകൾ തിരഞ്ഞെടുക്കും. അതിൽ നിന്ന് അന്തിമമായി ഏതു പേര് വേണമെന്ന തീരുമാനവും യാത്രക്കാർക്കു വിടും. ഫേസ്ബുക്ക് പേജിൽ ഏറ്റവും കുടുതൽ പിന്തുണ കിട്ടുന്ന പേരായിരിക്കും സർവീസിന് നൽകുക.
ഇപ്പോൾ 93, ഇനി 150
ഇപ്പോൾ 93 സർവീസുകളാണ് നോൺ സ്റ്റോപ്പ് ഓർഡിനറിയായി നടത്തുന്നത്. അത് 150 ആക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |