കോട്ടയം: ജനങ്ങളിലേക്ക് ഇറങ്ങിയതു മുതൽ ഉമ്മൻചാണ്ടിക്കൊപ്പമുള്ള കുഞ്ഞൂഞ്ഞ് കഥകളും സുവർണ ജൂബിലിയുടെ നിറവിൽ. അരനൂറ്റാണ്ടിലെത്തിയ തന്റെ കുഞ്ഞു കഥകളെല്ലാം വി.കെ.എൻ കഥപോലെ കുഞ്ഞൂഞ്ഞും ആസ്വദിക്കുകയാണ്.
ആദ്യ രാത്രിയില്ലാത്ത പുതുപ്പള്ളി
ഉമ്മൻചാണ്ടി കാരണം പുതുപ്പള്ളിക്കാർക്ക് ആദ്യരാത്രി നഷ്ടപ്പെടുമെന്ന മിനിക്കഥ വൈറലാണ്. പുതുപ്പള്ളിയിൽ ആര് വിവാഹം കഴിച്ചാലും ഉമ്മൻചാണ്ടി ആശംസകൾ നേരാൻ പാഞ്ഞെത്തും. മിക്കവാറും വധൂവരന്മാർ മണിയറയിൽ കയറി നട്ടപ്പാതിര കഴിഞ്ഞാവും കേരളത്തിന്റെ ഏതെങ്കിലും അറ്റത്ത് നിന്നുള്ള കുഞ്ഞൂഞ്ഞിന്റെ വരവ്. പേര് വിളിച്ച് വാതിലിൽ മുട്ടും. അനിഷ്ടത്തോടെ മുഖത്ത് ചിരിപിടിപ്പിച്ച് ദമ്പതികൾ പുറത്തിറങ്ങി ആശംസ ഏറ്റുവാങ്ങും. പക്ഷേ ആദ്യരാത്രിയിലെ ഉത്സാഹം നഷ്ടപ്പെടും. പുതുപ്പള്ളിക്കാരുടെ ഈ ആദ്യരാത്രിക്കഥ ഇന്നും നിറസദസുകളിലെ താരമാണ്.
ടോയ്‌ലെറ്റിലെ ശുപാർശ !
ശുപാർശയ്‌ക്കായി ഏതു പാതിരാത്രിയിലും ആർക്കും ഉമ്മൻചാണ്ടിയെ സമീപിക്കാം. പുലർച്ചെ മുതൽ വീട്ടിൽ ശുപാർശക്കാർ നിറയും. അവർ തന്നെ ബ്രഷും പേസ്റ്റും തോർത്തും വരെ എടുത്തു കൊടുക്കും. കുളികഴിഞ്ഞാൽ ഷർട്ടും മുണ്ടും ചീപ്പും ഭക്ഷണവും വരെ കൈമാറും. ഷർട്ടിന്റെ ബട്ടൻസ് വരെ ഇട്ടുകൊടുക്കും. ഇതിനിടയിലാണ് പലരും തങ്ങളുടെ ആവശ്യങ്ങൾ നിരത്തുന്നത്. ഉമ്മൻചാണ്ടി ടോയ്‌ലെറ്റിൽ കയറിയപ്പോൾ ബ്രഷും തോർത്തുമൊന്നും കിട്ടാതിരുന്ന ഒരു ശുപാർശക്കാരൻ മറ്റ് ശല്യങ്ങളൊഴിവാക്കി ശുപാർശ ചെയ്യാൻ ഒപ്പം കയറി . 'കുഞ്ഞൂഞ്ഞ് ഒരു മടിയും കൂടാതെ കാര്യം സാധിച്ചോ, ഞാൻ ഒരു പ്രശ്നവുമില്ലാതെ ഇവിടെനിന്ന് കാര്യം പറയാം" എന്ന ശുപാർശക്കഥ ഇന്നും സൂപ്പർ ഹിറ്റാണ്.
പച്ച മഷിയും ശുപാർശക്കത്തും
പച്ച, നീല, കറുപ്പ് മഷികളുള്ള ഉമ്മൻചാണ്ടിയുടെ ശുപാർശക്കത്തുകളെക്കുറിച്ച് അസൂയക്കാർ പ്രചരിപ്പിക്കുന്ന കഥകളും ഏറെയുണ്ട്. പച്ച മഷി ഇഷ്ടക്കാർക്കുള്ളതാണെന്നാണ് പ്രചാരണം. പക്ഷേ അതെല്ലാം 'ചുമ്മാ" എന്ന് പറഞ്ഞ് ആസ്വദിക്കുകയാണ് ഉമ്മൻചാണ്ടി. പശുവിനെ വാങ്ങിയിട്ട് പറഞ്ഞ പാല് കിട്ടാതിരുന്നതും, കടംവാങ്ങി തിരിച്ചു കൊടുക്കാത്തതും, ബന്ധം പിരിയലും, അടി പിടിയും, വസ്തു തർക്കവും തുടങ്ങി അന്തർദ്ദേശീയ പ്രശ്നങ്ങൾ വരെ ശുപാർശയ്‌ക്കായെത്തും. ആരെയും പിണക്കാതെ കത്തു നൽകും. 'എത്രയും പ്രിയപ്പെട്ട ബുഷിന്. എനിക്ക് വേണ്ടപ്പെട്ട പുതുപ്പള്ളിക്കാരനാണ്. അമേരിക്കയെ ക്കുറിച്ച് ഒന്നും അറിയില്ല. ആവശ്യമായ സഹായം നൽകിയാൽ ഉപകാരമായിരുന്നു എന്ന് സ്വന്തം ഉമ്മൻചാണ്ടി". - ഈ കത്തു വായിച്ച അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ഫ്ലാറ്റായി എന്നകഥ കുഞ്ഞൂഞ്ഞിന് ഏറെ പ്രിയപ്പെട്ടതാണ്.
കട്ടൻ ചായയും ബോണ്ടയും
മസാല ദോശയും തണുത്ത സോഡയും കട്ടൻ ചായയും ബോണ്ടയുമാണ് ഉമ്മൻചാണ്ടിയുടെ ഇഷ്ടവിഭവങ്ങൾ. കഴിച്ചാൽ പെട്ടെന്ന് വിശപ്പുവരില്ലെന്നതാണ് ഇഷ്ടവിഭവമാകാൻ കാരണം. ഒരു കട്ടൻചായയും ഉമ്മൻചാണ്ടിയുമെന്നു പറഞ്ഞാൽ പുതുപ്പള്ളിയിലെ ഏതു ചായക്കടയിൽ നിന്നും ബോണ്ട കിട്ടുമെന്നതാണ് അനുബന്ധ കഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |