
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചുള്ള രണ്ടായിരം കോടിരൂപയുടെ വികസനപദ്ധതികള്‍ക്കുള്ള ധാരണാപത്രം തിങ്കളാഴ്ച ഒപ്പിടും. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ എന്നിവയുമായാണ് ധാരണാപത്രം ഒപ്പിടുക. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മൂന്ന് കോര്‍പറേഷനുകളുമായി തുറമുഖ കമ്പനി ധാരണാപത്രം ഒപ്പിടും.
കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സംവിധാനമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സജ്ജമാക്കുന്നത്. കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഒഫ് ഇന്ത്യ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കും കണ്ടെയ്‌നര്‍ സ്റ്റേഷനും സ്ഥാപിക്കും. കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ വെയര്‍ഹൗസ്- ലോജിസ്റ്റിക്‌സ് കോംപ്ലക്‌സും സ്ഥാപിക്കും. പൊതുമേഖലാസ്ഥാപനമായ കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ നൂറേക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ കോട്ടുക്കാലില്‍ 25ഏക്കര്‍ ഭൂമി തുറമുഖ കമ്പനി ഏറ്റെടുക്കും.
ഏക്കറിന് 8 കോടിരൂപ വരെയാവും വില. പ്രതിമാസം ഏക്കറിന് ഒന്നരലക്ഷം രൂപയ്ക്കാണ് ഭൂമി പാട്ടത്തിന് നല്‍കുക. അവിടെ ലോജിസ്റ്റിസ്‌ക് പാര്‍ക്ക് സജ്ജമാക്കേണ്ടത് കണ്ടെയ്‌നര്‍ കോര്‍പ്പറേഷനാണ്. വരുമാനത്തിന്റെ 2ശതമാനം സംസ്ഥാന സര്‍ക്കാരുമായി പങ്കിടും. കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന് ലോജിസ്റ്റിക്‌സ് കോംപ്ലക്‌സിനായി അമരവിളയില്‍ അമ്പതേക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പ്പാതയ്ക്ക് അരികിലുള്ള ഭൂമിക്ക് ഏക്കറിന് 5കോടി വരെ വിലയാവും.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബങ്കറിംഗ് സൗകര്യമൊരുക്കാന്‍ ആദ്യഘട്ടമായി 20ഏക്കര്‍ അനുവദിച്ചു.
ടാങ്ക് ഫാമുകളും മറൈന്‍ ഫ്യുവല്‍ ബങ്കറിംഗ് സംവിധാനവും സജ്ജമാക്കും. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ വിഴിഞ്ഞത്തു നിന്ന് കപ്പല്‍ വഴി ഇന്ധനം നിറയ്ക്കാനാവും. ബങ്കറിംഗിനു വേണ്ടി വിഴിഞ്ഞത്ത് ഓയില്‍ ഫാമും ലിക്വിഡ് ജെട്ടിയും നിര്‍മ്മിക്കും. ഓയില്‍ഫാം വരുന്നതോടെ ഇന്ധനം ലിക്വിഡ് ജെട്ടിയിലെത്തിച്ച് കപ്പലുകളില്‍ നിറയ്ക്കാന്‍ കഴിയും. സര്‍ക്കാരിന് നികുതി വരുമാനവുമുണ്ടാവും.
800 ഏക്കര്‍ - തുറമുഖാധിഷ്ഠിത വികസന പദ്ധതികള്‍ക്കായി തുറമുഖ കമ്പനി കണ്ടെത്തി. ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം.
710- കപ്പലുകളാണ് ആദ്യവര്‍ഷമെത്തിയത്
15.13ലക്ഷം - കണ്ടെയ്‌നറുകളെത്തി. പ്രതീക്ഷിച്ചത് 10ലക്ഷം.
106കോടി - നികുതിയായി സംസ്ഥാനത്തിന് ലഭിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |