മോസ്കോ: കാശ്‌മീർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പാക് ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ യോഗത്തിൽ നിന്ന് ഇന്ത്യ വാക്കൗട്ട് നടത്തി. ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാർ പങ്കെടുത്ത വിർച്വൽ മീറ്റിംഗിൽ നിന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. കൂടിക്കാഴ്ചയിൽ പങ്കെടുത്ത പാക് പ്രതിനിധി ഡോ.മൊയീദ് യൂസഫ് തന്റെ പിന്നിൽ പാകിസ്ഥാന്റെ ഭൂപടമെന്ന നിലയിൽ കാശ്‌മീർ ഉൾപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജമ്മു കാശ്‌മീർ, ലഡാക്ക്, ഗുജറാത്തിന്റെ ഭാഗമായ ജുനഗഡ് എന്നീ പ്രദേശങ്ങൾ പാക് ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ പാകിസ്ഥാനെ അനുവദിച്ചതിൽ യോഗ അദ്ധ്യക്ഷനായ റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടർന്ന് പ്രതിഷേധസൂചകമായി ഡോവൽ യോഗം ബഹിഷ്കരിക്കുകയായിരുന്നു. വിഷയത്തിൽ പാകിസ്ഥാന്റെ നീക്കത്തെ റഷ്യ തള്ളിപറഞ്ഞു. പാകിസ്ഥാന്റെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരു വർഷം തികഞ്ഞ വേളയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് വിവാദ ഭൂപടം പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |