SignIn
Kerala Kaumudi Online
Monday, 07 July 2025 1.59 PM IST

'ഏതാണ് കെട്ടുകഥയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' പിണറായിയെ വെല്ലുവിളിച്ച് ചെന്നിത്തല

Increase Font Size Decrease Font Size Print Page
chennithala

തിരുവനന്തപുരം: സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടുകഥകളുണ്ടാക്കി പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതാണ് കെട്ടുകഥയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചതു കൊണ്ടു മാത്രം വസ്തുതകളില്ലാതാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ അഴിമതികൾ എടുത്ത് പറഞ്ഞ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലും ചെന്നിത്തല കത്ത് പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ കെട്ടുകഥകളുണ്ടാക്കി പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുകയാണെന്നാണല്ലോ താങ്കള്‍ കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റില്‍ താങ്കള്‍ അസ്വസ്ഥനും ക്ഷുഭിതനുമാവുകയും ചെയ്യുന്നു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയായ താങ്കള്‍ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചതു കൊണ്ടു മാത്രം വസ്തുതകള്‍ വസ്തുകളല്ലാതാവില്ല എന്ന് വിനീതമായി അറിയിക്കട്ടെ. താങ്കള്‍ കണ്ണടച്ചതു കൊണ്ടു മാത്രം ലോകം മുഴവന്‍ ഇരുളാവുകയുമില്ല.

കെട്ടുകഥകളെന്ന് താങ്കള്‍ പറയുമ്പോള്‍ ഏതാണ് കെട്ടുകഥയെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചതെന്താണെന്ന് നമുക്ക് പരിശോധിക്കാം. യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജില്‍ നിന്ന് കസ്റ്റംസുകാര്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയതോടെയാണല്ലോ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് എന്ന സ്ത്രീ അറസ്റ്റിലായി. നോക്കുമ്പോള്‍ സ്വപ്ന മുഖ്യമന്ത്രിക്ക് കീഴില്‍ ഉന്നത ഉദ്യോഗസ്ഥയാണ് അവര്‍. അതും യോഗ്യത ഇല്ലാതെ പിന്‍വാതില്‍ വഴി കയറിപ്പറ്റിയ ആള്‍. ഈ സ്വപ്നയ്ക്കും സംഘത്തിനും എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് താങ്കളുടെ ഏറ്റവും വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനാണെന്നും തെളിഞ്ഞു. താങ്കളുടെ ഓഫീസിന് തൊട്ടടുത്തു തന്നെയാണ് കള്ളക്കടത്തുകാര്‍ ശിവശങ്കരന്റെ സഹായത്തോടെ താവളമുണ്ടാക്കിയത്. അദ്ദേഹം സസ്പെന്‍ഷനിലായി. കേന്ദ്ര ഏജന്‍സികള്‍ മാറി മാറി ശിവശങ്കരനെ ചോദ്യം ചെയ്തു. ഇതൊന്നും കെട്ടുകഥയല്ലല്ലോ?

ഇതിനിടയിലാണ് താങ്കളുടെ മന്ത്രിസഭയില്‍ താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായ മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണം ഉയരുന്നത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്നാണ് ആദ്യം പുറത്തു വന്ന വിവരം. പിന്നാലെ വിദേശ രാഷ്ട്രങ്ങളുമായി ഇടപാട് നടത്തുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ടു കിറ്റുകളും പാര്‍സലുകളും നയതന്ത്ര ചാനല്‍ വഴി മന്ത്രി ഇറക്കുമതി ചെയ്തു എന്നതിന്റെ തെളിവുകളും പുറത്തു വന്നു. ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സംസ്ഥാനത്തെ ഒരു മന്ത്രി ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണെന്ന് താങ്കള്‍ സമ്മതിക്കുമല്ലോ? പക്ഷേ ഇവിടെ അത് ലംഘിച്ചാണ് ഇടപാട് നടത്തിയത്. അത് കുറ്റകരമല്ലേ? മാത്രമല്ല മന്ത്രി കെ.ടി.ജലീല്‍ ഇങ്ങനെ ഇറക്കുമതി ചെയ്ത 4500 കിലോയോളം ഭാരം വരുന്ന പാഴ്സലില്‍ എന്താണ് യഥാര്‍ത്ഥിലുള്ളതെന്ന കാര്യത്തില്‍ സംശയമുയര്‍ന്നു. മതഗ്രന്ഥങ്ങളാണെന്ന് കെ.ടി.ജലീല്‍ പറയുന്നു. എങ്കില്‍ എന്തിന് അത് പരമരഹസ്യമായി സര്‍ക്കാര്‍ വാഹനത്തില്‍ തന്നെ മലബാറിലേക്കും കേരളത്തിന് പുറത്തേക്കും കൊണ്ടു പോയി? മതഗ്രന്ഥങ്ങള്‍ മാത്രമാണ് പാഴ്സലിലെങ്കില്‍ തൂക്ക വ്യത്യാസമെങ്ങനെ വന്നു? ഇക്കാര്യത്തില്‍ മറയ്ക്കാനും ഒളിക്കാനും ഒന്നുമില്ലെങ്കില്‍ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പരമരഹസ്യമായി തലയില്‍ മുണ്ടിട്ട് മന്ത്രി എന്തിന് പോയി? ഇതിനെല്ലാത്തിനും മറുപടി കിട്ടേണ്ടതുണ്ട്. ഇതും പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഉണ്ടാക്കിയ കെട്ടു കഥയല്ലല്ലോ?

ജലീല്‍ വിവാദം ചൂടുപിടിക്കുന്നതിനിടയിലാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിന് തീപിടിച്ചത്. നയതന്ത്ര ബാഗേജുവഴിയുള്ള ഇറക്കുമതി സംബന്ധിച്ച കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ ആരാഞ്ഞതിന് തൊട്ടു പിന്നാലെ സുപ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഓഫീസില്‍ മാത്രം ഇത്ര കൃത്യമായി തീപിടിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ഇതും കെട്ടിച്ചമച്ച കഥയല്ലല്ലോ? ഇതു സംബന്ധിച്ച അന്വേഷണം എവിടെ എത്തി?

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്ക് മയക്കു മരുന്നു കടത്തു സംഘവുമായും സ്വര്‍ണ്ണക്കടത്തു സംഘവുമായും ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ഇതിനിടിയില്‍ പുറത്തു വന്നു. ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തു. ഇതും സാങ്കല്പിക കഥയല്ലല്ലോ? താങ്കളുടെ പാര്‍ട്ടി സെക്രട്ടറിയുടെ മകന് എതിരെ ഇത്രയും ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും താങ്കള്‍ക്ക് അതില്‍ ഉത്കണ്ഠ ഉണ്ടാകാതിരിക്കുന്നത് അത്ഭുതകരമാണ്.

ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരി പ്രോജക്ടില്‍ താന്‍ ഒരു കോടി രൂപ കമ്മീഷന്‍ പറ്റിയതായി സ്വപ്നാ സുരേഷ് മൊഴി നല്‍കിയതും ഇതിനിടയിലാണ്. എന്നാല്‍ ഒരു കോടിയല്ല, നാല് കോടിയാണ് കമ്മീഷനെന്ന് പറഞ്ഞതും താങ്കളുടെ മാദ്ധ്യമ ഉപദേഷ്ടാവല്ലേ? അത് ശരിയാണെന്ന് പറഞ്ഞത് താങ്കളുടെ മന്ത്രിസഭയിലെ അംഗങ്ങളായ തോമസ് ഐസക്കും എ.കെ.ബാലനുമല്ലേ? പാവങ്ങള്‍ക്ക് വീടു വച്ചു കൊടുക്കാനെന്ന പേരില്‍ രൂപീകരിച്ച ലൈഫ് മിഷന്‍ പദ്ധതി ചിലര്‍ക്ക് കമ്മീഷന്‍ തട്ടാനുള്ള ഉപാധിയായല്ലേ മാറിയത്? ഇതു ഉള്‍പ്പടെ വിദേശത്ത് നിന്ന് പ്രളയ സഹായ ഫണ്ട് സ്വരൂപിച്ചതില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വാര്‍ത്തകളും പുറത്തു വരുന്നു.കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ്‌ ഈ പണമിടപാടുകളെല്ലാം നടന്നിരിക്കുന്നത്. അത് ചട്ടവിരുദ്ധമല്ലേ? ഇവയും ആരെങ്കിലും ഭാവനയില്‍ മെനഞ്ഞെടുത്ത കഥകളല്ലല്ലോ?

അഴിമതി തൊട്ടു തീണ്ടാത്ത സര്‍ക്കാര്‍ എന്നാണല്ലോ താങ്കള്‍ താങ്കളുടെ മന്ത്രിസഭയെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ കോവിഡ് മറയാക്കി സര്‍ക്കാര്‍ നടത്തിയ എത്ര അഴിമതികളാണ് പ്രതിപക്ഷം പുറത്തു കൊണ്ടുവന്നത്? സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് മറിച്ച് നല്‍കുന്നതിനുള്ള സ്പ്രിംഗ്ളര്‍ ഇടപാട്, പമ്പാ മണല്‍ കൊള്ള, ബെവ്കോ ആപ്പ് അഴിമതി, ഇ- മൊബിലിറ്റി പദ്ധതി തട്ടിപ്പ്, കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകള്‍, അനധികൃത നിയമനങ്ങള്‍ തുടങ്ങിവയിൽ ഏതെങ്കിലും ഇല്ലാക്കഥകളാണെന്ന് പറയാന്‍ കഴിയുമോ ? ഇതില്‍ പമ്പാ മണല്‍ കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയ സര്‍ക്കാരാണിത്. വിജിലന്‍സ് അന്വേഷണത്തെപ്പോലും ഭയക്കുന്ന സര്‍ക്കാരാണെന്നല്ലേ ഇത് തെളിയിക്കുന്നത്?

ഇവയിലെല്ലാം വ്യക്തമായ മറുപടി പറയുന്നതിന് പകരം കെട്ടുകഥകളാണെന്ന് പൊതുവേ പറഞ്ഞ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനാണ് താങ്കള്‍ ശ്രമിക്കുന്നത്. താങ്കളുടെ ക്ഷോഭമല്ല, വ്യക്തമായ മറുപടിയാണ് കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

കേരളത്തിന്റെ ചരിത്രത്തിലെപ്പോഴെങ്കിലും ഇത്രയധികം ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട മറ്റൊരു മന്ത്രിസഭയുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹമുള്‍പ്പടെ ഇത്രയും ഗൗരവമുള്ള ആരോപണങ്ങള്‍ ഇതിന് മുന്‍പുണ്ടായിട്ടുണ്ടോ? പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഇങ്ങനെ ആരോപണമുണ്ടായിട്ടുണ്ടോ? ഈ മന്ത്രിസഭ എന്തുമാത്രം ജീര്‍ണ്ണിക്കുകയും ജനവിരുദ്ധമാവുകയും ചെയ്തു എന്നാണ് പുറത്തു വന്നിട്ടുള്ള ആരോപണങ്ങള്‍ കാണിക്കുന്നത്. ഈ മന്ത്രിസഭ അധികാരത്തില്‍ തുടരുന്നത് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നാണക്കേടും അവരോടുള്ള വെല്ലുവിളിയുമാണ്. സംസ്ഥാനത്തുടനീളം അലയടിക്കുന്ന ജനവികാരത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാമെന്നാണ് കരുതുന്നതെങ്കില്‍ താങ്കള്‍ക്ക് തെറ്റിപ്പോയെന്നാണ് എനിക്ക് പറയാനുള്ളത്. അന്തരീക്ഷം കൂടുതല്‍ മലിനപ്പെടുന്നതിന് മുന്‍പ് രാജിവച്ച് ഒഴിയുകയാണ് താങ്കള്‍ക്ക് അഭികാമ്യമെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

മുഖ്യമന്ത്രിക്ക് തുറന്ന കത്ത് -------- പ്രിയപ്പെട്ട മുഖ്യമന്ത്രി, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും...

Posted by Ramesh Chennithala on Wednesday, 16 September 2020

TAGS: KERALA, CHENNITHALA, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.