120 ഡോക്ടർമാർ റെഡി; ആകെയുള്ളത് 50 രോഗികൾ
മലപ്പുറം: ജീവിതശൈലീ രോഗങ്ങൾക്കടക്കം വീട്ടിലിരുന്ന് തന്നെ ചികിത്സ തേടാൻ സഹായിക്കുന്ന ഇ- സഞ്ജീവനി പദ്ധതിയോട് മുഖം തിരിച്ച് ജില്ല. സംസ്ഥാനത്ത് ഇ-സഞ്ജീവനി പദ്ധതി പ്രയോജനപ്പെടുത്തുന്നതിൽ ഏറ്റവും പിറകിലാണ് മലപ്പുറം. രണ്ടാഴ്ച്ചയായി ദിവസം ശരാശരി അമ്പതുപേർ മാത്രമാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്. ഇതുവരെ 1,500 പേരിൽ താഴെയാണ് ജില്ലയിൽ ചികിത്സ തേടിയത്. ജില്ലാ മെഡിക്കൽ ഓഫീസിൽ മൂന്ന് ഡോക്ടർമാരുടെ ഓൺലൈൻ സേവനം രാവിലെ മുതൽ വൈകിട്ട് വരെ ഉറപ്പാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് 120 ഡോക്ടർമാർക്കും ജില്ലയിൽ പരിശീലനം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകൾ മികച്ച രീതിയിൽ പദ്ധതിയെ പ്രയോജനപ്പെടുത്തുന്നു.
ജില്ലയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ അടക്കം പദ്ധതിക്കായി നിയോഗിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സൈക്യാട്രിക്ക് ഒ.പിയുണ്ട്. ഒമ്പത് ഡോക്ടർമാരുടെ സേവനം ലഭിക്കും. 12 സ്കിൻ ഡോക്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് സ്കിൻ ഒ.പിയുണ്ടാവുക. കൊവിഡ് പേടിയിൽ മറ്റ് അസുഖങ്ങൾക്ക് പോലും ആശുപത്രിയിലെത്തി ചികിത്സ തേടാൻ മടിക്കുന്ന സാഹചര്യത്തിൽ ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണ് പ്രയോജനപ്പെടുത്താതെ പോവുന്നത്. പ്രായമായവർക്കും കുട്ടികൾക്കും ആശുപത്രിയിലെത്താതെ തന്നെ ചികിത്സ ഉറപ്പാക്കാം. അതേസമയം സ്വയംചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുമുണ്ട്. പനിയടക്കമുള്ളവയ്ക്ക് സ്വയംചികിത്സ തേടുന്നത് എലിപ്പനി, ഡെങ്കി അടക്കമുള്ളവ യഥാസമയത്ത് തിരിച്ചറിയാതിരിക്കാനും രോഗം ഗുരുതരമാവാനും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു.
കാര്യങ്ങൾ ആശ്വാസകരമല്ല
സംസ്ഥാനത്ത് തിരുവനന്തപുരം കഴിഞ്ഞാൽ കൊവിഡ് രോഗികളുടെ എണ്ണത്തിലും വ്യാപനത്തിലും മുന്നിൽ മലപ്പുറം ജില്ലയാണ്. അനുദിനം കേസുകളുടെ എണ്ണം ഉയരുന്നു. പ്രധാന സർക്കാർ ആശുപത്രികൾക്കൊപ്പം സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ശേഷിക്കുന്ന സർക്കാർ ആശുപത്രികൾ കൂടി കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റേണ്ട അവസ്ഥയാവും. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സഹായകമാവുന്ന പദ്ധതിയാണ് ഇ- സഞ്ജീവനി. https://esanjeevaniopd.in/ എന്ന വെബ് സൈറ്റിലോ, ഇ-സഞ്ജീവനി ആപ്പ് ഉപയോഗിച്ചോ ഓൺലൈൻ സേവനം ലഭ്യമാക്കാനാവും. കാമറയുള്ള ഫോണോ കമ്പ്യൂട്ടറോ മതിയാവും. അനായാസകരമായി ആർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് രജിസ്ട്രേഷൻ അടക്കമുള്ളവ ക്രമീകരിച്ചിട്ടുള്ളത്.
" രോഗികളുടെ എണ്ണം വർദ്ധിച്ചാലും സേവനം ഉറപ്പാക്കാൻ കഴിയുന്ന വിധത്തിൽ ഡോക്ടർമാരെയടക്കം മികച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ആളുകൾ വേണ്ട വിധത്തിൽ പദ്ധതി പ്രയോജനപ്പെടുത്താത്തതെന്ന് വ്യക്തമല്ല."
ഡോ. ഫിറോസ്ഖാൻ, ഇ-സഞ്ജീവനി പദ്ധതി ജില്ലാ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |