താരതമ്യമില്ലാത്ത നേതാവ്..അതാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്രമോദി. ലോകത്തിലെ തലയെടുപ്പുളള നേതാവായി മാറിയപ്പോഴും സന്ന്യാസ തുല്യമായ ജീവിതം നയിക്കുന്നു. അദ്ദേഹം ഒരിക്കലും പദവികൾക്ക് പുറകേ പോയിട്ടില്ല. പദവികൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അതാണ് ഈ ഭാരതപുത്രന്റെ ഔന്നത്യവും. വളർന്നുവന്ന സാഹചര്യങ്ങളാണ് മോദിയെ ഇങ്ങനെയാക്കിയത്. ധൈര്യത്തിന്റെയും അനുകമ്പയുടെയും കഠിന പ്രയത്‌നത്തിന്റെയും തുടർയാത്രയാണ് നരേന്ദ്ര മോദിയുടെ ജീവിതം.
ആറാംവയസിൽ ചായവില്പന
ചായക്കടക്കാരൻ എന്ന വിളി മോദിക്ക് ചാർത്തിക്കൊടുത്ത ജനസമ്മിതി ചെറുതല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്ന ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച മോദി കുട്ടിക്കാലത്ത് പഠനത്തിന്റെ ഇടവേളകളിൽ വാട്നഗർ റെയിൽവേസ്റ്റേഷനിലും മറ്റും ചായവിറ്റ് പിതാവിനെ സഹായിക്കുമായിരുന്നു. ആറുവയസുളളപ്പോഴായിരുന്നു ഇത്. സമപ്രായക്കാർ കളിച്ചുതിമിർക്കുമ്പോൾ അന്നത്തെ അന്നത്തിനുളള വകകണ്ടെത്തുകയായിരുന്നു കുഞ്ഞ് മോദി. ജീവിതത്തിന്റെ തുടക്കത്തിൽ ലഭിച്ച ഈ അനുഭവ പാഠങ്ങളായിരുന്നു മോദിയുടെ വളർച്ചയ്ക്ക് വളമേകിയത്. വീട്ടിലെ സാഹചര്യങ്ങളൊന്നും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെ കെടുത്താനായില്ല. സമയം കിട്ടുമ്പോഴെല്ലാം പുസ്കങ്ങൾ വായിക്കാൻ താത്പര്യപ്പെട്ടിരുന്ന മോദിയിലെ പ്രാസംഗികനെ കണ്ടെത്തിയത് അദ്ധ്യാപകരായിരുന്നു. സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന് കുട്ടിക്കാലം മുതൽ തന്നെ മോദി ആഗ്രഹിച്ചിരുന്നു. കേവലം എട്ടുവയസുളളപ്പോഴാണ് മോദിക്ക് ആർ എസ് എസിന്റെ ആശയങ്ങളോട് ഇഷ്ടംതോന്നിയത്. അങ്ങനെയാണ് അദ്ദേഹം ശാഖകളിൽ പങ്കെടുക്കാൻ തുടങ്ങിയത്. മോദിയിൽ ഉറങ്ങിക്കിടന്ന നേതൃപാടവത്തെ ഉണർത്താൻ ഇത് വഹിച്ച പങ്ക് ചെറുതല്ല.
ഇരുപതുകളിലെ മോദി
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായശേഷം സ്വാമി വിവേകാനന്ദന്റെ ആശ്രമങ്ങൾ സന്ദർശിക്കാനായി വീടുവിട്ടിറങ്ങി. രാമകൃഷ്ണമിഷനിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഈ യാത്രയിലാണ് പൊതുജനസേവനമാണ് തന്റെ മേഖല എന്ന് മോദി തിരിച്ചറിഞ്ഞത്. രാമകൃഷ്ണമിഷനും സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഇന്ത്യയെ ലോക ഗുരു ആക്കിത്തീർക്കണമെന്ന സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിന് യത്‌നിക്കാനുളള തീരുമാനം കൈക്കൊളളാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ സ്വാധീനമാണ്.
ആർ എസ് എസിന്റെ മുഴുവൻ സമയപ്രചാരകനായി
ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിൽ ആർ എസ് എസിന്റെ മുഴുവൻ സമയപ്രചാരകനായി. ഇതിനിടെ അടിയന്തരാവസ്ഥയുടെ നാളുകളെത്തി. അറസ്റ്റ് ഒഴിവാക്കാൻ വേഷംമാറിയായിരുന്നു സഞ്ചാരം. പ്രവർത്തകരുടെ വീടുകളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. ഈ സമയം അറസ്റ്റ് ഭീഷണി നേരിട്ടിരുന്ന മറ്റുളളവർക്ക് സുരക്ഷിത താവളം കണ്ടെത്തുന്നതിലും മോദി ശ്രദ്ധിച്ചിരുന്നു. അതിൽ അദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ചത്
ജീവിതത്തിന്റെ നാലാം ഘട്ടത്തിലാണ് മോദി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചുക്കാൻ പിടിച്ചുതുടങ്ങിയത്. ഇതോടെ ജീവിതത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കംകുറിക്കുകയായിരുന്നു. 1987ൽ ബി ജെ പിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായ അദ്ദേഹത്തെ 1990ൽ ബി ജെ പിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായി തിരഞ്ഞെടുകയും ചെയ്തു.
അമ്പതുകളിൽ രഥയാത്ര
എൽ. കെ അദ്വാനിയുടെ രഥയാത്രയ്ക്കും മുരളി മനോഹർ ജോഷിയുടെ ഏക്തയാത്രയും സംഘടിപ്പിക്കാൻ മുന്നിൽ നിന്നത് മോദിയായിരുന്നു. ഇതുകഴിഞ്ഞ് കുറച്ചുനാൾ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നു. മോദിയുടെ ശക്തമായ തിരിച്ചുവരവാണ് പിന്നെ കണ്ടെത്. 1995ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വിജയം സമ്മാനിക്കാൻ നിർണായക പങ്ക് വഹിച്ചു. 1998ൽ ബി ജെ പി ജനറൽ സെക്രട്ടറിയായുളള ഉയർച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ അഞ്ചാം ഘട്ടത്തിലെ നിർണായക നാഴികക്കല്ലായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി
ജീവിതത്തിന്റെ ആറാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മോദി ഇറങ്ങിയത്. 2001മുതൽ 2014വരെ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തിനെ ഇന്നുകാണുന്ന ഗുജറാത്താക്കിമാറ്റാൻ ഇക്കാലയളവിൽ അസാദ്ധ്യമെന്ന് കരുതിയിരുന്നത് പലതും അദ്ദേഹം ചെയ്തു.
ലോകനെറുകയിൽ
ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ മോദിയുടെ ഏറ്റവും വലിയ വിജയമാണ് ഏഴാം ഘട്ടത്തിൽ അദ്ദേഹത്തിനുണ്ടായത്. തുടർച്ചയായ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബി ജെ പി ഭരണത്തിലെത്തി. പ്രധാനമന്ത്രി പദത്തിലെ ആദ്യഘട്ടത്തിൽ പറയത്തക്ക വെല്ലുവിളികൾ ഉണ്ടായില്ലെങ്കിലും രണ്ടാം ഘട്ടത്തിൽ അതായിരുന്നില്ല. സ്ഥിതി. കൊവിഡും, ചൈനയുമൊക്കെയായി പ്രതിസന്ധികൾ ഒന്നൊന്നായി എത്തിക്കൊണ്ടിരുന്നു. പക്ഷേ, നിശ്ചയദാർഢ്യം കൈമുതലായ മോദിക്കുമുന്നിൽ ഇതൊന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചതേ ഇല്ല. കൊവിഡ് മൂലമുളള സാമ്പത്തിക പ്രശ്നങ്ങൾ സമർത്ഥമായി മറികടക്കാനുളള വഴികൾ കണ്ടുപിടിച്ചും അതിർത്തിയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചൈനയ്ക്ക് ശക്തമായ മറുപടികൊടുത്തും അദ്ദേഹം മുന്നോട്ടുകുതിക്കുകയാണ്. ഒപ്പം രാജ്യവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |