കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ചോദ്യം ചെയ്തതോടെ മന്ത്രി കെ.ടി. ജലീലിന്റെ നില കൂടുതൽ പരുങ്ങലിലായി. എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ ഇന്നലെ എട്ടു മണിക്കൂർ നീണ്ടു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന എൻ.ഐ.എ ചോദ്യം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് ജലീൽ.
പ്രാഥമിക ചോദ്യംചെയ്യലാണെന്ന് എൻ.ഐ.എ വ്യക്തമാക്കി. മൊഴി വിശദമായി വിശകലനം ചെയ്തശേഷം മേലധികാരികളുമായി ചർച്ചചെയ്‌ത് തുടർനടപടി സ്വീകരിക്കും. അടുത്ത ദിവസം കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യും.
ഇ.ഡിക്കു മുന്നിലെത്തിയതുപോലെ ഒൗദ്യോഗിക വാഹനം അർദ്ധരാത്രി വഴിയിലിട്ട് സുഹൃത്തിന്റെ കാറിൽ ഒളിച്ചും പാത്തുമാണ് ഇന്നലെ രാവിലെ 6ന് മന്ത്രി എൻ.ഐ.എ ഓഫീലെത്തിയത്. എന്നാൽ, ഒരു മാദ്ധ്യമ പ്രവർത്തകൻ കണ്ടതോടെ നീക്കം പൊളിഞ്ഞു. വിവരം പുറത്തായതോടെ സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ആളിക്കത്തിച്ചു.
രാവിലെ ഒമ്പതിന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാൽ മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനും ചോദ്യംചെയ്യൽ പുറത്താകാതിരിക്കാനും പുലർച്ചെ ഓഫീസിലെത്താനുള്ള നീക്കമാണ് മന്ത്രി നടത്തിയത്. തിരുവനന്തപുരത്തു നിന്ന് അർദ്ധരാത്രി പുറപ്പെട്ട മന്ത്രി, സുഹൃത്തും ആലുവ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ എ.എം.യൂസഫിന്റെ കാറിൽ കളമശേരിയിൽവച്ച് മാറിക്കയറുകയായിരുന്നു.
അതിരാവിലെ ഓഫീസിൽ കയറിക്കൂടിയ മന്ത്രി മൂന്നു മണിക്കൂർ വെറുതെയിരുന്നു. ഈ സമയം ചോദ്യം ചെയ്യലിനെക്കുറിച്ച് ചില മാദ്ധ്യമങ്ങളോട് ഫോണിൽ സംസാരിച്ചു. 9ന് എസ്.പി എസ്.രാഹുൽ, എ.എസ്.പി ഷൗക്കത്തലി, അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി സി.രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ തുടങ്ങി. വൈകിട്ട് 5നാണ് വിട്ടയച്ചത്.
ജലീലിനോട് ചോദിച്ചത്
1 മാർച്ച് നാലിനെത്തിയ നയതന്ത്ര ബാഗേജിലെ വിവരങ്ങൾ
2 സ്വപ്‌നയടക്കം സ്വർണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധം
3 പ്രോട്ടോക്കോൾ ലംഘിച്ച് കോൺസൽ ജനറലുമായുള്ള ബന്ധം
4 മതഗ്രന്ഥങ്ങൾ എന്തിന് സർക്കാർ വാഹനത്തിൽ കൊണ്ടുപോയി
5 മതഗ്രന്ഥങ്ങൾ ആർക്കു വേണ്ടിയാണ് യു.എ.ഇയിൽ നിന്ന് വരുത്തിയത്
മടക്കയാത്രയിൽ മുങ്ങി; രാത്രി പൊങ്ങി
കൊച്ചി: ചോദ്യം ചെയ്യലിനുശേഷം വൈ കിട്ട് 5ന് ജലീൽ പുറത്തിറങ്ങി രാവിലെ എത്തിയ കെ.എൽ.07 സി.ഡി 6444 എന്ന യൂസഫിന്റെ കാറിൽ കയറി. നിറചിരിയുമായി മാദ്ധ്യമങ്ങൾക്ക് സലാം. എൻ.എെ.എ ഓഫീസിന് പുറത്തേക്ക്. രണ്ടു പൈലറ്റ് വാഹനങ്ങളുടെ അകമ്പടി. ഏതു ദിശയിലേക്കും പാേകാം. വലതുവശത്ത് കൂടുതൽ പൊലീസ്. കാമറകൾ അങ്ങോട്ട് ഫോക്കസ് ചെയ്തതോടെ കാർ ഇടതുവശത്തേക്ക് പാഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിലെത്തി ഒൗദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തേക്ക് മടക്കമെന്നായിരുന്നു വിവരം. കാർ നിമിഷങ്ങൾക്കുള്ളിൽ ഗസ്റ്റ്ഹൗസിലെത്തിയെങ്കിലും അതിൽ മന്ത്രിയുണ്ടായിരുന്നില്ല. മൂന്നര കിലോമീറ്റർ ദൂരത്തിനിടെ മറ്റൊരു വാഹനത്തിൽ മന്ത്രി സ്ഥലംവിട്ടു. രാത്രി ഒൻപതു മണിയോടെ മന്ത്രി ജലീൽ സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരത്തെ ഒൗ ദ്യോഗിക വസതയിലെത്തി.
പുലർകാലേ പൊളിഞ്ഞ ജലീലിന്റെ പാതിരാനാടകം
കൊച്ചി: പുലർച്ചെ മൂന്നുമണിയോടെ ഇടതടവില്ലാതെ മൊബൈൽഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ആലുവ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ എ.എം. യൂസഫ് ഞെട്ടിയുണർന്നത്. ഒരു പുലർകാല 'നാടക'ത്തിന് ആ നിമിഷം തിരശീല ഉയരുകയായിരുന്നു. ഉറക്കച്ചടവോടെ യൂസഫ് ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ മന്ത്രി കെ.ടി.ജലീൽ. ആദ്യ ചോദ്യം, 'വീട്ടിലുണ്ടോ"?.
ഉണ്ടല്ലോ.
?കാറുണ്ടോ
ഉണ്ട്
? ഡ്രൈവറും വീട്ടിലുണ്ടാകുമോ
ഇല്ല
? വിളിച്ചാൽ വരുമോ
20 മിനിട്ടിനകം എത്തിക്കാം
? എന്നാ വിളിച്ചോ.
അരമണിക്കൂറിനകം ജലീലിന്റെ കാൾ വീണ്ടുമെത്തി
ജലീൽ: അരമണിക്കൂറിനകം കമളമശേരി റെസ്റ്റ്ഹൗസിന് സമീപം എത്തും, അവിടെ കാത്തുകിടക്കണം.
(കളമശേരിയിലാണ് യൂസഫിന്റെ വീട്)
യൂസഫ് കാറിന്റെ നമ്പരും ഡ്രൈവറുടെ മൊബൈൽ നമ്പരും പറഞ്ഞു കൊടുത്തു.
സമയം 5.30. ജലീലിന്റെ വാഹനം റെസ്റ്റ് ഹൗസിന് മുന്നിലെത്തി. മന്ത്രിയും ഗൺമാനും യൂസഫിന്റെ കാറിലേക്ക്. കൃത്യം ആറിന് മന്ത്രിയുമായി കാർ എറണാകുളം ഗിരിനഗറിലുള്ള എൻ.ഐ.എയുടെ ഓഫീനു മുന്നിൽ. മന്ത്രിയുടെ വരവറിഞ്ഞ് ഗേറ്റ് തുറന്നിട്ടിരുന്നു.
അർദ്ധരാത്രി മന്ത്രി ജലീൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടതായാണ് വിവരം. ആലപ്പുഴയിൽ എത്തിയപ്പോഴാണ് യൂസഫിനെ വിളിച്ചത്. എൻഫോഴ്സ്‌മെന്റ് ഓഫീസിൽ ആരുമറിയാതെ എത്തിയ ഓപ്പറേഷൻ വീണ്ടും നടപ്പാക്കാനാണ് മന്ത്രി ശ്രമിച്ചത്.
ആന്റി ക്ളൈമാക്സ്
ജലീൻ എൻ.ഐ.എ ഓഫീസിൽ വന്നിറങ്ങുന്നത് യാദൃച്ഛികമായി കണ്ട മാദ്ധ്യമ പ്രവർത്തകൻ മൊബൈൽ ഫോണിൽ രംഗം പകർത്തി. തുടർന്ന് 'മിനിസ്‌റ്റർ' എന്നു വിളിച്ചതോടെ ജലീൽ ഓഫീസിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടയിൽ, അവിടെ നിന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മന്ത്രിയുടെ കൈകളിൽ സാനിറ്റൈസർ അടിച്ചു കൊടുത്തു. പുലർകാല 'നാടകം' അങ്ങനെ ദയനീയമായി പൊളിഞ്ഞു.
" എം.എൽ.എ ആയിരുന്നപ്പോൾ ജലീലിനടുത്തായിരുന്നു നിയമസഭയിൽ സീറ്റ്. അടുത്ത സുഹൃത്തുക്കളാണ്. വാഹനവും ഡ്രൈവറെയും ആവശ്യപ്പെട്ടു. പുലർച്ചെ എൻ.ഐ.എ ഓഫീസിൽ എത്താനാണെന്നും പറഞ്ഞു. മന്ത്രിയെ കണ്ടിട്ടില്ല. ഒൗദ്യോഗിക വാഹനത്തിലാണോ എത്തിയതെന്നും അറിയില്ല".
- എ.എം.യൂസഫ്, മുൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |