കോട്ടയം: ജനങ്ങളാണ് തന്റെ പാഠപുസ്തകമെന്ന് ഉമ്മൻചാണ്ടി എം.എൽ.എ പറഞ്ഞു. എപ്പോഴും ആൾക്കൂട്ടത്തിന് നടുവിലാണ് താൻ. അവരുടെ സ്നേഹവും കരുതലുമാണ് ജീവിതം. നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികാ ഘോഷത്തിന് ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു ഉമ്മൻചാണ്ടി.
'' ഒരുപാട് പുസ്തകങ്ങൾ ഞാൻ വായിക്കാറില്ല. പത്രം മാത്രമേ കൃത്യമായി വായിക്കൂ. തിരക്കിനിടെ മറ്റൊന്നിനും സമയം കിട്ടില്ല. എന്നാൽ എനിക്ക് ജനങ്ങളുമായി സംവദിക്കുമ്പോൾ ലഭിക്കുന്ന അറിവും അനുഭവവുമാണ് ഭരണ കാര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നത്. ഒരു വില്ലേജ് ഓഫീസർക്ക് ചെയ്യാവുന്നതല്ലേ ജനസമ്പർക്കപരിപാടിയെന്ന് പലരും ചോദിച്ചു. പക്ഷേ, പല തടസങ്ങൾ മൂലം കഷ്ടപ്പാടനുഭവിക്കുന്ന പാവങ്ങൾക്ക് ജനസമ്പർക്ക പരിപാടിയിലൂടെയാണ് നീതി കിട്ടിയത്.
അമ്പത് കൊല്ലം മുൻപുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയം നാടിന്റെ വികസനത്തിനുള്ളതാണ്. പക്ഷേ, ആ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണ്. അധികാരം ലഭിച്ചാൽ പ്രകടനപത്രികയിൽ നിന്ന് വരെ മാറിപ്പോവുകയാണ്. ''- അദ്ദേഹം പറഞ്ഞു
അമ്പത് വർഷം ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാനായതിന്റെ മുഴുവൻ ക്രെഡിറ്റും പുതുപ്പള്ളിയിലെ ജനങ്ങൾക്കുള്ളതാണ്. അവർ ഇല്ലാത്ത ആഘോഷത്തെ പറ്റി എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. കൊവിഡ് മാനദണ്ഡം അനുസരിച്ച് ആഘോഷം സംഘടിപ്പിക്കുമ്പോഴുള്ള പരിമിതിമൂലമാണ് അവരെ പങ്കെടുപ്പിക്കാനാവാഞ്ഞത്. അതുകൊണ്ടാണ് പുതുപ്പള്ളിയിലെ എല്ലാ പഞ്ചായത്തിലും രാവിലെ പര്യടനം നടത്തിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നിരവധിപ്പേർ ഉമ്മൻചാണ്ടിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |