കോട്ടയം:നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉമ്മൻചാണ്ടിക്ക് ഇന്നലെ ജന്മനാട് നൽകിയ ഉജ്വല വരവേൽപ്പ് അവിസ്മരണീയമായി. ഇടക്കിടെയുള്ള മഴയ്ക്കും ആവേശം കെടുത്താനായില്ല. പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുടുംബസമേതം കുർബാനയിൽ പങ്കെടുത്തു പുറത്തിറങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു. പുതുപ്പള്ളിയിലും കോട്ടയത്തുമായി രാപകൽ വ്യത്യാസമില്ലാതെ നീണ്ട സ്വീകരണങ്ങൾ അവസാനിക്കുമ്പോഴും "അതിവേഗം ബഹുദൂരം " പായാനുള്ള ഊർജവുമായി രാഷ്ടീയ കേരളത്തിനു മുന്നിൽ ഉമ്മൻചാണ്ടി തൊഴുകൈയ്യോടെ നിന്നു.
കൊവിഡ് നിയന്ത്രണം പാലിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ആഘോഷത്തിൽ പൊതുസമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട അമ്പതു പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ലോകമൊട്ടാകെ അമ്പതു ലക്ഷം പേരാണ് വെർച്വൽ പ്ലാറ്റ് ഫോമിൽ ചടങ്ങ് വീക്ഷിച്ചത്. ഏറ്റവും കൂടുതൽപേർ വീക്ഷിച്ച പരിപാടിയെന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കാഡ്സിലും ഇടംപിടിച്ചു.
ഗാന്ധിതൊപ്പിയും ഹാരവും അണിയിച്ച് ആഹ്ളാദം പങ്കിട്ട പ്രവർത്തകർക്കിടയിൽ നിന്ന് വേദിയിലെത്താൻ ഏറെ സമയമെടുത്തു. അമ്പതു റോസാപൂക്കൾ നൽകിയാണ് വേദിയിലേക്ക് സ്വീകരിച്ചത്. പേരക്കുട്ടി എഫിനോവ് കേക്ക് മുറിച്ചു നൽകി. ഭാര്യ മറിയാമ്മ, മകൾ മറിയം, മകൻ ചാണ്ടി ഉമ്മൻ എന്നിവരും മറ്റു കുടുംബാംഗങ്ങളും മധുരം പങ്കിട്ടു.
അമേരിക്കയിൽ ചികിത്സയിലായ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഉദ്ഘാടന സന്ദേശം കെ.സി ജോസഫ് എം.എൽ.എ വായിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആമുഖ പ്രസംഗം നടത്തി. രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എ.കെ.ആന്റണി, കെ.സി വേണുഗോപാൽ,വയലാർ രവി, ജസ്റ്റിസ് കെ.ടി തോമസ്, കോടിയേരി ബാലകൃഷ്ണൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരൻ, പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, സുഗതകുമാരി, കാനം രാജേന്ദ്രൻ, മോഹൻലാൽ, മമ്മൂട്ടി, കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ജി.സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ നേരിട്ടും ഓൺലൈനിലൂടെയും ആശംസ നേർന്നു . കേരളകൗമുദിയെ പ്രതിനിധീകരിച്ച് ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി സംസാരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വാഗതവും ജോസഫ് വാഴയ്ക്കൻ കൃതജ്ഞതയും പറഞ്ഞു. മറുപടി പ്രസംഗത്തിനൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഉമ്മൻചാണ്ടിയുമായി തത്സമയം ആശയവിനിമയം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |