
തിരുവനന്തപുരം : തന്റെ കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. ഗണേഷ് കുമാർ അക്കാര്യം സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന ചിന്തിക്കട്ടെ എന്നും എംഎൽ.എ വിശദീകരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിച്ച കാര്യമല്ല ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു പരാമർശവും നടത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുന്ന കാര്യമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തുവെന്നാണ് മന്ത്രി ഗണേശ് കുമാർ പറഞ്ഞത്. സോളാർ കേസിൽ ഗണേശ് കുമാറിൽ നിന്ന് നീചമായ പ്രവൃത്തികളാണ് ഉണ്ടായതെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
'ഇത്രയുംകാലം ചാണ്ടി ഉമ്മൻ അറിയാതിരുന്ന സീക്രട്ട് ഇലക്ഷന്റെ തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നത്. സിബിഐയ്ക്ക് ഞാൻ കൊടുത്ത മൊഴി ആർക്കുവേണമെങ്കിലും പരിശോധിക്കാം. ഉമ്മൻ ചാണ്ടി അത്തരം പ്രവൃത്തി ചെയ്യുന്നയാളല്ലെന്ന് അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞു. ഞങ്ങളങ്ങനെ വിശ്വസിക്കുന്നുവെന്നാണ് ഞാൻ മൊഴി നൽകിയത്. എന്റെ കുടുംബം തകർത്ത്, എന്റെ സർവതും പിടിച്ചുവാങ്ങി, എന്റെ മക്കളെയും എന്നെയും പിരിക്കാൻ മദ്ധ്യസ്ഥത വഹിച്ചയാളാണ് ഉമ്മൻ ചാണ്ടി. ആ മര്യാദകേടിന് മറുപടി പറയേണ്ടേ? എന്റെ കുടുംബം തകർത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കിയ ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടിയോ മകനോ മറുപടി പറയുമോ? ചെയ്ത ചെയ്തികൾ എനിക്കും പറയാനുണ്ട്'- എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |