സിംഗപ്പൂർ സിറ്റി : ബംഗ്ലാദേശിൽ നിന്നും ജോലിയ്ക്കായി സിംഗപ്പൂരിലെത്തിയതാണ് സക്കീർ ഹുസൈൻ. ആഴ്ചകൾക്ക് മുമ്പാണ് അയാൾ മുറിയ്ക്ക് പുറത്തിറങ്ങിയത്. സക്കീറിനൊപ്പം മറ്റ് 11 പേർ കൂടി മുറിയിലുണ്ട്. ഒന്നിനു മുകളിൽ ഒന്നായി ക്രമപ്പെടുത്തിയ ആറ് ചെറിയ കട്ടിലുകൾ മാത്രമാണ് ആ മുറിയിലെ സൗകര്യം. തുണികളും ടൗവ്വലുകളുമെല്ലാം കട്ടിലിന്റെ കമ്പിയിൽ തന്നെ തൂക്കിയിടാതെ വേറെ മാർഗമില്ല. രാത്രിയും പകലുമില്ലാതെ ഈ മുറിക്കുള്ളിലാണ് സക്കീർ അടക്കമുള്ളവർ കഴിയേണ്ടത്. ശരിക്കും ജയിൽ പോലെ. ഇടുങ്ങിയ മുറിയ്ക്കുള്ളിൽ ഇവർ 12 പേരും തമ്മിൽ സാമൂഹ്യ അകലം പാലിക്കുക എന്നത് അസാദ്ധ്യമാണ്. പക്ഷേ, സക്കീറിനും ഒപ്പമുള്ളവർക്കുമെല്ലാം കൊവിഡ് വന്ന് ഭേദമായിരുന്നു. തുടർന്ന് വീണ്ടും ജോലിയ്ക്ക് പോവുകയും ചെയ്തു. ജൂൺ മാസത്തോടെ തന്നെ സക്കീർ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഈ ഇടുങ്ങിയ ഡോർമെട്രികൾ കൊവിഡ് മുക്തമായെങ്കിലും കഴിഞ്ഞ മാസം വീണ്ടും ഇവിടെ ഒരു ക്ലസ്റ്റർ രൂപപ്പെട്ടു. അതോടെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ വീണ്ടും ക്വാറന്റൈനിലായി.
ആദ്യം കൊവിഡ് ഫലപ്രദമായി നിയന്ത്രിച്ച രാജ്യമാണ് സിംഗപ്പൂർ. എന്നാൽ പതിനായിരക്കണക്കിന് വിദേശ കുടിയേറ്റ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഡോർമെട്രികളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. ഇന്നിപ്പോൾ പ്രാദേശിക തലത്തിൽ വിരലിലെണ്ണാവുന്ന കൊവിഡ് കേസുകൾ മാത്രമാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാവരും ജോലിയ്ക്ക് പോയി തുടങ്ങി. തിയേറ്ററുകളും റെസ്റ്റോറന്റുകളും വീണ്ടും തുറന്നു. എന്നാൽ കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്ന സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ജീവിതം ഇപ്പോഴും ഇടുങ്ങിയ മുറിയ്ക്കുള്ളിൽ തന്നെയാണ്. ഇനിയെന്തെന്ന അനിശ്ചിതത്വമാണ് ഇവരുടെ മുന്നിൽ.
മുന്നറിയിപ്പ് കേട്ടിരുന്നെങ്കിൽ..
ജനുവരി അവസാനമാണ് സിംഗപ്പൂരിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാരിന്റെ സമയോചിതമായ ഇടപെടലുകളിലൂടെ വിദേശത്ത് നിന്നും എത്തുന്ന കൊവിഡ് കേസുകളെ നിയന്ത്രിക്കാനായി. ലോകരാജ്യങ്ങളെല്ലാം സിംഗപ്പൂരിന്റെ കൃത്യനിഷ്ഠമായ നടപടിയെ പ്രശംസിച്ചു. എന്നാൽ ഇതിനിടെയിൽ സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളെ അധികൃതർ ഓർത്തില്ല. ആയിരക്കണക്കിന് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഡോർമെട്രികളിൽ ഒരൊറ്റ കേസ് മതി, അത് ടൈം ബോംബ് പോലെ പൊട്ടിത്തെറിക്കാൻ എന്ന് അധികൃതർ ആലോചിച്ചില്ല.
ഇന്ത്യ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഏകദേശം 300,000 കുടിയേറ്റ തൊഴിലാളികൾ നിർമാണ, ഉത്പാദന മേഖലകളിലായി സിംഗപ്പൂരിലുണ്ടെന്നാണ് കണക്ക്. ഡോർമെട്രികളിൽ നിന്നും കൂട്ടമായി വാനുകളിലാണ് അവരെ ജോലി സ്ഥലങ്ങളിലേക്ക് കൊണ്ടു പോയിരുന്നത്. കൊവിഡിന് മുമ്പ് ഒരു കൊച്ചു മുറിയിൽ 20 ഓളം പേരായിരുന്നു തിങ്ങിപ്പാർത്തിരുന്നത്. ഈ തൊഴിലാളികൾക്കിടെയിൽ ഒരു ക്ലസ്റ്റർ രൂപപ്പെടാമെന്ന് മനുഷ്യവകാശ സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യവ്യാപകമായ ലോക്ക്ഡൗണിലൂടെ സിംഗപ്പൂർ സാധാരണ ഗതിയിലേക്ക് മടങ്ങിയെത്തിയെങ്കിലും ആഴ്ചകൾക്കുള്ളിൽ കുടിയേറ്റ തൊഴിലാളികളിൽ കൊവിഡ് പടർന്നുപിടിച്ചു. ഏപ്രിൽ മാസം അവസാനത്തോടെ സർക്കാർ രണ്ട് കൊവിഡ് കണക്കുകളാണ് പുറത്തുവിടാൻ തുടങ്ങിയത്. ഒന്ന് പ്രാദേശിക സമൂഹത്തിലെ കേസുകളും മറ്റേത് കുടിയേറ്റ തൊഴിലാളികളുടെ ഡോർമെട്രികളിലേതും. പ്രാദേശിക കേസുകൾ കുറഞ്ഞു വന്നെങ്കിലും തൊഴിലാളികൾക്കിടെ കേസുകൾ കൂടി.
തൊഴിലാളികളോട് അസമത്വം
ഡോർമെട്രികളെല്ലാം അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിച്ചു. അവശ്യ സേവനങ്ങൾക്ക് അത്യാവശ്യമായതിനാൽ രോഗബാധയില്ലാത്ത 10,000ത്തോളം തൊഴിലാളികളെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചു. മറ്റുള്ളവർ അവരുടെ മുറികളിൽ കുടുങ്ങി. വ്യാപക പരിശോധനകൾ നടത്തി. രോഗലക്ഷണമുള്ളവരെ അവിടെ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്ത് ചികിത്സിച്ചു. രാജ്യം മുഴുവൻ നിയന്ത്രണങ്ങൾ നീക്കി പഴയനിലയിലേക്ക് മടങ്ങിയെത്താൻ തുടങ്ങിയെങ്കിലും കുടിയേറ്റ തൊഴിലാളികൾ മുറികളിൽ തളച്ചിടപ്പെട്ടു.
ശരിക്കും കൊവിഡ് വന്നതോടെയാണ് സിംഗപ്പൂരിലെ കുടിയേറ്റ തൊഴിലാളികളുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ പുറംലോകം അറിയുന്നത്. ഇവർക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തി. അതോടെ ഓരോ മുറികളിലെയും താമസക്കാരുടെ എണ്ണം കുറച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമങ്ങൾ തുടങ്ങി. ആളുകളുടെ എണ്ണം കുറഞ്ഞതോടെ തൊഴിലാളികൾക്ക് അല്പം ശ്വാസം ലഭിക്കാൻ തുടങ്ങി.
എന്നാൽ എല്ലാവരുടെയും സ്ഥിതി ഇങ്ങനെയായിരുന്നില്ല. നിർമാണ തൊഴിലാളിയായ സക്കീർ ഹുസൈൻ ഏപ്രിൽ 17നാണ് കൊവിഡ് ബാധിതനായി മറ്റൊരു ഇടത്തേക്ക് മാറ്റി ചികിത്സിക്കപ്പെട്ടത്. എന്നാൽ രോഗം ഭേദമായതോടെ ജൂലായ് 9ന് ഡോർമെട്രിയിലേക്ക് തന്നെ സക്കീറിനെ അധികൃതർ എത്തിച്ചു. എല്ലാം പഴയ പോലെ തന്നെ. ഒരു മാറ്റവുമില്ല. 12 പേർ നിന്ന് തിരിയാൻ ഇടമില്ലാത്ത ഒരു ഇത്തിരിക്കുഞ്ഞൻ മുറിയിൽ. എല്ലാവർക്കും ഒരു ബാത്ത്റൂം. ശുചിത്വം പാലിക്കാൻ നേരാവണ്ണം സോപ്പോ സാനിറ്റൈസറോ ഇല്ല. ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ മുറികളിൽ നിന്നും മറ്റു മുറികളിലേക്ക് പോകാൻ അനുവാദമില്ലാതെയായി. പലരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങണമെന്ന് കരയുന്ന അവസ്ഥയിലാണ്. ചിലർക്ക് ശമ്പളം പോലും കിട്ടിയില്ല. കിട്ടിയവർക്കാകട്ടെ അത് തങ്ങളുടെ വീടുകളിലേക്ക് അയയ്ക്കാനും നിർവാഹമില്ലാതെയായി.
പ്രതീക്ഷയോടെ..
2020 അവസാനത്തോടെ എല്ലാ തൊഴിലാളികളുടെയും താമസസൗകര്യങ്ങൾ വിപുലീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 10 കിടക്കകളുള്ള ഒരു മുറിയിൽ ഓരോ കിടക്കകളും തമ്മിൽ ഒരു മീറ്റർ അകലമുള്ള തരത്തിൽ വിസ്തീർണം വർദ്ധിപ്പിക്കാനുമാണ് തീരുമാനം. എന്നാൽ കൊവിഡിന് മുന്നേ ഈ പ്രശ്നങ്ങൾ പലതവണ ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാതിരുന്ന സർക്കാരിനെ ഒരു വിഭാഗം വിമർശിക്കുന്നുണ്ട്.
കഴിഞ്ഞ മാസം രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ഡോർമെട്രികളെല്ലാം കൊവിഡ് മുക്തമായെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്ക് ശേഷം വീണ്ടും ഇവിടെ കൊവിഡ് ക്ലസ്റ്ററുകൾ ഉണ്ടായി. ഈ പ്രതിസന്ധികളിൽ നിന്നെല്ലാം എന്ന് മോചനം ലഭിക്കുമെന്ന് സക്കീർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് അറിയില്ല. തങ്ങളെ സിംഗപ്പൂർ പൗരന്മാരായി പരിഗണിക്കേണ്ട, പകരം മനുഷ്യർ എന്ന പരിഗണന മാത്രം മതിയെന്ന് ഇവർ പറയുന്നു. ഒറ്റ ആഗ്രഹം മാത്രമാണ് ഇവർക്ക്; ജോലി പോകണം, ജീവിക്കണം. എന്നെങ്കിലും തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അധികൃതർ പരിഹാരമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് ഈ തൊഴിലാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |