ചെങ്ങന്നൂർ: റിലയൻസ് സൂപ്പർമാർക്കറ്റിലെ 11 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് സ്ഥാപനം അടച്ചു പൂട്ടാൻ നഗരസഭ നോട്ടീസ് നൽകിയതായി ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ആരോഗ്യ വിഭാഗത്തിന്റെയും നഗരസഭയുടെയും നിർദ്ദേശം ലംഘിച്ച് നിരീക്ഷണത്തിൽ ആക്കേണ്ട ജീവനക്കാരെ നിർബന്ധിച്ച് മറ്റു സ്ഥലങ്ങളിലെ റിലയൻസ് സൂപ്പർ മാർക്കറ്റുകളിൽ ജോലിക്ക് അയച്ചിരുന്നു. ഇതേ കാലയളവിൽ സ്ഥാപനത്തിൽ നിന്ന് ഹോംഡെലിവറി നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. നഗരസഭാ ചെയർമാൻ ഇതു സംബന്ധിച്ച് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.എം.രാജീവിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ റിപ്പോർട്ട് നഗരസഭയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരം സെക്രട്ടറി നടപടി സ്വീകരിച്ചത്. ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുന്നതുവരെ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ പാടില്ല എന്ന് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ലൈസൻസ് പുതുക്കിയിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് ഇല്ലാതെ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും തുറന്നു പ്രവർത്തിച്ചാൽ മുനിസിപ്പൽ ആക്ട് പ്രകാരമുള്ള നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ജി.ഷെറി നൽകിയ നോട്ടീസിൽ പറയുന്നു.
കൊവിഡ് രോഗികളുടെ വീട്ടിലെ കട തുറന്നു
ചെങ്ങന്നൂർ : പാണ്ടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഒരു കുടുംബത്തിലെ 2 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് പോസിറ്റീവായത്. 15 ന് പോസിറ്റീവായ ഇവരെ 17ന് ആണ് വീട്ടിൽ നിന്ന് കൊവിഡ് സെന്ററിലേയ്ക്ക് കൊണ്ടുപോയത്. ഈ മൂന്ന് ദിവസം ഇവർ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയിരുന്നു. ഈ സമയം വീടിനോടു ചേർന്നുള്ള സ്റ്റേഷനറി, പലചരക്ക് വ്യാപാരക്കട തുറന്നതും ബന്ധുവായ ഒരാൾ കച്ചവടം നടത്തിയതും എതിർപ്പിന് കാരണമായി. കട അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു എന്ന് പാണ്ടനാട് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇത് വകവയ്ക്കാതെ പ്രവർത്തനം തുടരുകയായിരുന്നു. ഇൗ വീട്ടിലെ യുവതി റിലയൻസ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |