തിരുവനന്തപുരം : തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക്. നിശ്ചിത പ്രദേശം കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം കുറവായതിനാൽ ക്ലസ്റ്ററുകൾ രൂപം കൊള്ളുന്നില്ല. അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് രോഗം പടരുന്ന സ്ഥിതിയാണിപ്പോൾ. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലാണ് കേസുകൾ വർദ്ധിക്കുന്നത്. ഓണത്തിന് ശേഷമുള്ള ദിവസങ്ങളിൽ രോഗവ്യാപനം ശക്തമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4387 പേരാണ് രോഗികളായത്. ഇതിൽ 613 കേസുകളുടെ ഉറവിടം വ്യക്തമല്ല. ഒരാഴ്ചയ്ക്കുള്ളിൽ 30000 കൂടുതൽ പരിശോധനകളാണ് ഇവിടെ നടന്നത്.
നേരത്തെ പൂന്തുറ മേഖലകളിൽ ഉൾപ്പെടെ രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരു പ്രദേശത്ത് കൂട്ടമായി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയില്ല. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകളുണ്ടായത് മുട്ടത്തറ മേഖലയിലാണ്. മൂന്നു കുടുംബങ്ങളിൽ നിന്നാണ് രോഗവ്യാപനത്തിന്റെ ഉറവിടം. ഓണക്കാലത്തെ ഇവരുടെ ഒത്തുചേരലാണ് രോഗവ്യാപനത്തിന് വഴിയൊരുക്കിയതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. മെഡിക്കൽ കോളേജ് മേഖലയിലും കേസുകൾ കൂടുതലാണ്. ഇവിടെ ഏറെയും ആരോഗ്യപ്രവർത്തകരാണ്. മണക്കാട്, ബാലരാമപുരം, വള്ളക്കടവ്, നെട്ടയം, നെയ്യാറ്റിൻകര, നാവായിക്കുളം, പട്ടം, പൂജപ്പുര, വേറ്റിനാട് ശാന്തിമന്ദിരം, മുട്ടപ്പലം, പരശുവയ്ക്കൽ, ആനയറ, നേമം, വർക്കല, മുക്കോല, വിഴിഞ്ഞം, തിരുമല, പാറശാല എന്നിവിടങ്ങളിൽ പതിവായി കേസുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
ആശങ്കയായി സമരങ്ങൾ
കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഇത് വരും ദിവസങ്ങളിൽ കനത്ത വ്യാപനത്തിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. നഗരത്തിന് അകത്തും പുറത്തുനിന്നുമുള്ള സ്ത്രീകളും ഹൈറിസ്ക്കിൽ ഉൾപ്പെട്ട അറുപത് വയസുകഴിഞ്ഞവരും ഉൾപ്പെടെ സമരമുഖത്തുണ്ടായിരുന്നു.
ഒരാഴ്ചയ്ക്കിടെ 4387 കേസുകൾ
12ന് 566, 13ന് 412
14ന് 332, 15ന് 656
16ന് 675, 17ന് 820
18ന് 926
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |