വാഷിംഗ്ടൺ: ജോർജ് ഫ്ളോയിഡിന്റ മരണത്തിന് പിന്നാലെ ആക്രമണം അഴിച്ചുവിട്ടവർ വാഷിംഗ്ടൺ ഡിസിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമപോലും വെറുതെ വിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാന്ധിയ്ക്ക് വേണ്ടത് സമാധാനമായിരുന്നു. ശരിയല്ലേ? അദ്ദേഹത്തെ അവർക്ക് ഇഷ്ടമല്ല. എന്താണ് ചെയ്യുന്നതെന്ന് അക്രമികൾക്ക് എന്തെങ്കിലും ധാരണയുണ്ടെന്ന് ഞാൻ കരുതുന്നില്ല'-ട്രംപ് പറഞ്ഞു.
'അവർ ഒരു കൂട്ടം മോഷ്ടാക്കൾ മാത്രമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ സത്യം അറിയണം' -അദ്ദേഹം കൂട്ടിച്ചേർത്തു. എബ്രഹാം ലിങ്കണെ പോലും പ്രതിഷേധക്കാർ വെറുതെ വിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
' എന്താണ് പൊളിക്കുന്നതെന്ന് അവർക്കറിയില്ല. പക്ഷേ, അത്തരക്കാർ എന്താണ് തകർക്കുന്നതെന്ന് ഞങ്ങൾക്ക് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ചരിത്രം തകർക്കുകയാണ്'-ട്രംപ് ആരോപിച്ചു. വെള്ളിയാഴ്ച മിനസോട്ടയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
' നിങ്ങളുടെ ചരിത്രം എടുത്തുകളയാൻ അവർ ശ്രമിക്കുന്നു. ഐസിസ് എന്താണ് ചെയ്തതെന്ന് നോക്കൂ. അവർ നിറത്തുകളിൽ ഇറങ്ങുന്നു, പ്രദർശനാലയങ്ങളടക്കം എല്ലാം തല്ലിതകർക്കുന്നു. പ്രതിഷേധക്കാരും എല്ലാം വലിച്ചുകീറുന്നു.നിങ്ങളുടെ ഭൂതകാലത്തെ അപഹരിക്കാൻ അവർ ആഗ്രഹിക്കുന്നു. ആരും അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തെ അപഹരിക്കില്ല. ഞാൻ ഇവിടെയുള്ളിടത്തോളം കാലം'-ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇത്തരം നാശനഷ്ടങ്ങളുണ്ടാക്കുന്നവരെ 10 വർഷത്തേക്ക് ജയിലിൽ അടയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചതായി യു.എസ് പ്രസിഡന്റ് സദസിനോട് പറഞ്ഞു. ഇപ്പോൾ പ്രതിമകൾ തകർക്കുന്നവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ പാർക്ക് പൊലീസിന്റെയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും സഹായത്തോടെ മഹാത്മാ ഗാന്ധിയുടെ പ്രതിമ പിന്നീട് ഇന്ത്യൻ എംബസി പുന:സ്ഥാപിച്ചിരുന്നു.മെയ് 25 ന് മിനിയാപൊളിസിൽവച്ചാണ് ജോർജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. ഒരു പൊലീസുകാരൻ അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൊലീസുകാരൻ കാൽമുട്ട് ജോർജിന്റെ കഴുത്തിലമർത്തി നിൽക്കുന്ന സമയത്ത് വഴിയാത്രക്കാരി എടുത്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥനോട് ഫ്ലോയിഡ് അപേക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.
ശ്വാസം മുട്ടിച്ചതിനാലും ഹൃദയ സംബന്ധമായി ഉണ്ടായ അസുഖം മൂർച്ഛിച്ചതിനാലുമാണ് ജോർജ് ഫ്ളോയിഡ് മരിച്ചതെന്ന് റിപ്പോർട്ട് .46 വയസുകാരനായ ജോർജ് ഫ്ളോയിഡ് മരിച്ചതിന് പിന്നാലെ അമേരിക്കയിൽ കലാപമുണ്ടായി. ട്രംപിന് പോലും ഭീഷണിയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |