ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ വലിയ നിയന്ത്രണങ്ങളോടെ ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം വീണ്ടും വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 30 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മണ്‍സൂണ്‍കാല പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്.
കൊവിഡ് മൂലം നീട്ടിവെച്ച പാര്‍ലമെന്റ് സമ്മേളനം ആറു മാസത്തിനു ശേഷമാണ് സെപ്തംബര്‍ 14 മുതല്‍ ചേര്‍ന്നത്. എന്നാല്‍ അംഗങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്മേളനം ഒരാഴ്ചയോളം വെട്ടിക്കുറച്ചേക്കുമെന്ന് രണ്ട് മുതിര്‍ന്ന പാര്‍ലമെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നു. ഒക്ടോബര്‍ 1 വരെ നിയന്ത്രണങ്ങളോടെ സഭ ചേരാനായിരുന്നു ആദ്യപദ്ധതി. ശനിയാഴ്ച മുതല്‍ സഭയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തുന്നുണ്ട്.
സമ്മേളനത്തിന്റെ നീളം കുറയ്ക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ചോദ്യോത്തരവേള ഒഴിവാക്കുകയും ശൂന്യവേളയുടെ സമയം കുറയ്ക്കുകയും ചെയ്ത കേന്ദ്ര തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസും ഡി.എം.കെയും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തര വേള വെട്ടിക്കുറച്ചതെന്നും രേഖാമൂലമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നുമായിരുന്നു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ വിശദീകരണം.
അതേസമയം, സഭ വെട്ടിച്ചുരുന്നതിനെപ്പറ്റി ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റുകള്‍ പ്രതികരിച്ചിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ കണക്ക് പ്രകാരം ആഗസ്റ്റ് ആദ്യവാരം മുതല്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് വെള്ളിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 93,337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. യു.എസിനു ശേഷം ലോകത്ത് മഹാമാരി ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് ഇന്ത്യ. വെള്ളിയാഴ്ച മാത്രം 1247 പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |