ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് പരിനിർവ്വാണ ദിനമാണ് നാളെ. ലോകമാകെയുള്ള ഗുരുദേവ ഭക്തൻമാർ ഹൃദയാർച്ചനയിലൂടെ തൃപ്പാദസ്വരൂപത്തിന് മുന്നിൽ ധ്യാനലീനരായിത്തീരുന്ന ഒരു പുണ്യദിനം. മഹാഗുരുക്കൻമാരുടെ പരിനിർവ്വാണ സ്മൃതി സർവ്വ പ്രപഞ്ചാനുഭവങ്ങളുടേയും അഥവാ സർവ്വ നാമരൂപാനുഭവങ്ങളുടേയും നിൽപ്പിന് യാതൊരു പൊരുളാണോ ഹേതുവായി നിലകൊള്ളുന്നത് ആ പൊരുളിൽ നിന്നും ഭിന്നമായൊരു അസ്തിത്വം നമുക്കില്ലെന്ന ബോധമുണർത്തുന്നതാണ്. അതുകൊണ്ടാണ് ഗുരുക്കൻമാരുടെ മഹാപരിനിർവ്വാണദിനം അല്ലെങ്കിൽ മഹാസമാധിദിനം സർവ്വലോകരുടേയും പ്രാർത്ഥനാ ദിനമാകണമെന്ന് അറിവുള്ളവർ പറയുന്നത്. പ്രപഞ്ചാനുഭവങ്ങൾക്കതീതമായ ഒരാനന്ദാനുഭൂതി യിലേയ്ക്ക് ഇന്ദ്രിയങ്ങളും മനസ്സും ഹൃദയവും അന്തക്കരണങ്ങളുമെല്ലാം വിലീനമായിത്തീരുന്ന ഈ പുണ്യദിനം പ്രാർത്ഥനാദിനമായി കഴിഞ്ഞ 92 കൊല്ലങ്ങളായി നാം മുറതെറ്റാതെ ആചരിച്ചു വരികയാണ്. ഈ ആചരണമാകട്ടെ വലിയൊരു കടപ്പാടിന്റെ ഭക്തിനിർഭരമായ നിറവേറലിനു കൂടി അവസരമേകുന്നതാകണം.
ഗുരുദേവ തൃപ്പാദങ്ങൾ നിത്യനിർമുക്തനായ മഹർഷിയായിരുന്നു. ത്യാഗിയായിരുന്നു. ജീവൻമുക്തനായിരുന്നു. ഗുണാതീതനായ അദൈ്വതിയായിരുന്നു............. സാക്ഷാൽ ബ്രഹ്മമായിരുന്നു. അതുകൊണ്ട് തന്നെ തൃപ്പാദങ്ങളുടെ മഹാപരിനിർവ്വാണ ദിനാചരണം നമ്മുടെ രാഗദ്വേഷങ്ങളെ വഴിയാം വണ്ണം നീക്കം ചെയ്യുന്നതിനും നമ്മുടെ വാസനാക്ഷയത്തിന് വഴി കാട്ടുന്നതിനും മാർഗ്ഗമരുളും. വാസനാക്ഷയത്തിലൂടെയല്ലാതെ മോക്ഷപ്രാപ്തി കൈവരുന്നതല്ല.
സർവ്വകർമ്മങ്ങളുടേയും പിതൃസ്ഥാനമലങ്കരിക്കുന്നത് മനസ്സാകയാൽ ആ മനസ്സിനെ അടക്കം ചെയ്താലല്ലാതെ മനുഷ്യനു ശാശ്വതശാന്തി ഉണ്ടാകുന്നതല്ലെന്നറിഞ്ഞ ഗുരുക്കന്മാർ മനസ്സിനെ മറികടക്കുവാനാണു നമ്മെ പഠിപ്പിച്ചത്. കർതൃത്വമില്ലാതെ ലോക സംഗ്രഹത്തിനായി കർമ്മം ചെയ്ത് നിസംഗരായി നിലകൊണ്ടവരാണവർ. അങ്ങനെ മരണവുമില്ല പുറപ്പുമില്ല വാഴ്‌വും നരസുരരാദിയുമില്ല നാമരൂപം എന്നു ആത്മോപദേശ ശതകത്തിൽ വെളിപ്പെടുത്തുന്ന സത്യത്തെ സാക്ഷാത്ക്കരിച്ച ജീവൻമുക്തൻമാരുടെ ദേഹത്യാഗത്തിനാണ് മഹാസമാധി എന്നു അഭിജ്ഞൻമാർ പറയുന്നത്.
ഈ സത്യബോധം വന്നിട്ടില്ലാത്ത അനേകർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവരാണ് ഇപ്പോൾ സമുദായത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ പരിഷ്‌കരണത്തിനായി സംസാരലോകത്ത് നിലയുറപ്പിച്ചിരുന്ന കർതൃത്വാഭിമാനികളുടെ ദേഹവിയോഗത്തിനും സമാധി എന്നുപറഞ്ഞു വരുന്നത്. മനസ്സിനെ നിഗ്രഹിച്ച അഥവാ മനസ്സിനെ നിരോധിച്ച വാസനാബന്ധമറ്റ ജീവൻമുക്തൻമാരുടെ ദേഹത്യാഗത്തിനല്ലാതെ 'സമാധി' യെന്ന് വിവക്ഷിക്കുവാൻ പാടില്ലാത്തതാണ്. എന്തുകൊണ്ടെന്നാൽ അവരോട് കാട്ടുന്ന ഒരനാദരം കൂടിയാണത്. വ്യാസനും വാസുവും തമ്മിലുള്ള ഒരന്തരം ഈ പ്രയോഗത്തിലുണ്ടെന്നറിയുന്നത് നല്ലതാണ്.
നമുക്ക് നമ്മുടെ അസ്തിത്വം ബോധ്യപ്പെടുത്തിത്തരുന്ന തൃപ്പാദങ്ങളുടെ മഹാസമാധി ദിനം നമ്മൾ വേണ്ട വിധം ആചരിക്കപ്പെടാതെ പോയാൽ അത് നമ്മുടെ ജീവത്വം മറഞ്ഞുപോകുന്നതിനും ജഡത്വം തെളിഞ്ഞു വരുന്നതിനും ഇടയാക്കും. എന്നു പറഞ്ഞാൽ ജീവിതത്തിന്റെ പരമലക്ഷ്യത്തെപ്പറ്റി യാതൊരു ബോധവുമില്ലാതെ വായുവിന്റെ മാറ്റത്തിൽപ്പെട്ട് വട്ടം ചുറ്റി നിലയില്ലാതെ നിലംപൊത്തുന്ന ഒരു പട്ടം പോലെ ജീവിതത്തിന്റെ കെട്ടറ്റുപോകുമെന്ന് സാരം. ഇങ്ങനെ ഒന്നുമല്ലാതായി പോകുന്നതിനുള്ളതല്ല നമ്മുടെ ജീവിതം. അത് ലോകത്തിനും കാലത്തിനും ഉപകാരപ്പെടാനുള്ളതാണ്. ആ നിയുക്തതാബോധം കൈവിടാതിരിക്കുന്നവനാണ് വിവേകി. അതില്ലാത്തവൻ ജനന മരണങ്ങളുടെ ലോകത്ത് പലതവണ ജനിക്കുകയും പലതവണ മരിക്കുകയും ചെയ്യും. അതായത് നാമരൂപങ്ങളുടെ പ്രത്യക്ഷഭാവത്തിനാണ് ജനനമെന്നും അവയുടെ മറയലിനാണ് മരണമെന്നും അവൻ ധരിച്ചു വച്ചിരിക്കുന്നത്. ഇത് അജ്ഞതയുടെ ലക്ഷണമാണ്. എന്തെന്നാൽ യാതൊന്നാണോ ഉള്ളതായിരിക്കുന്നത് അതിനെ അവൻ അറിയുന്നില്ല. എന്ന് തന്നെയല്ല ഇല്ലാത്തതായിരിക്കുന്നതിനെ ഉള്ളതായി അവൻ അറിയുകയും ചെയ്യുന്നു. ഇതിനാണ് അജ്ഞാനം എന്ന് വേദാന്തശാസ്ത്രം പറയുന്നത്.
അജ്ഞാനികളുടെ ഈ ഭ്രമാനുഭവം വസ്തുസ്ഥിതി ബോധത്തിൽ നിന്നും ഉണ്ടാകുന്നതാണ്. അതിലെ സത്യാസത്യം എത്രയുണ്ടെന്നറിയാൻ ഒരുദാഹരണം പറയാം. വലിയൊരു ആൽമരം കടുകുമണിയേക്കാൾ ചെറുതായൊരു വിത്തിൽ നിന്നും വളർന്ന് വരുന്നതാണ്. ആ ആൽമരം വളർന്നതോടെ അതിന്റെ ജീവന് ആധാരമായ വിത്ത് കാണാനില്ലാതാകുന്നു. ഈ കാണാതാകൽ കണ്ടിട്ട് ആ വിത്ത് നശിച്ചു പോയി എന്ന് ആരെങ്കിലും പറയുമോ? ഇതാണ് ഭ്രമാനുഭവം. ഈ ഭ്രമാനുഭവങ്ങളെയെല്ലാം ഉണ്ടാക്കുന്നത് നമ്മുടെ മനസ്സാണ്. മനസ്സ് ഉള്ളതിനെ ഇല്ലാത്തതായും ഇല്ലാത്തതിനെ ഉള്ളതായും തോന്നിപ്പിക്കും. മരുഭൂമിയുടെ അങ്ങേ തലയ്ക്കൽ ജലം ഉള്ളതായി തോന്നിപ്പിക്കുന്നതും, കടലും ആകാശവും ഒരു നേർരേഖ പോലെ ഒന്നായി കിടക്കുന്നതുപോലെ തോന്നിപ്പിക്കുന്നതും നമ്മുടെ മനസ്സാണ്. ആ മനസ്സാണ് സർവ്വ ബന്ധങ്ങളേയും രാഗദ്വേഷങ്ങളേയും വാസനാസങ്കല്പ്പങ്ങളേയും ഉണ്ടാക്കുന്നത്. അതിൽ നിന്നാണ് വ്യാവഹാരികമായ ഒരു ലോകവും സുഖ ദു:ഖാദികളും നമുക്കുണ്ടാകുന്നത്. മനസ്സിന്റെ മേൽപ്പറഞ്ഞ തോന്നിപ്പിക്കലിലെ അർത്ഥമില്ലായ്മ പോലെ ഒരർത്ഥമില്ലായ്മ മനസ്സിന്റെ എല്ലാ തോന്നിപ്പിക്കലുകൾക്കും സങ്കൽപ്പങ്ങൾക്കും വാസനകൾക്കും ബന്ധങ്ങൾക്കും വ്യവഹാരങ്ങൾക്കുമെല്ലാം ഉണ്ടെന്ന് തിരിച്ചറിഞ്ഞവരാണ് ഗുരുക്കൻമാർ. ഗുരുക്കൻമാരുടെ ജയന്തി മഹാസമാധി ചിന്തകളും ഗുരുപൂജകളും നമ്മെ സനാതനത്വത്തിന്റെ ഭൂമികയിലേയ്ക്ക് നയിക്കുന്നതാണ്.
ആ ബോദ്ധ്യത്തിൽ ഉറച്ചുകൊണ്ടും കൊറോണ തീർത്ത സാമൂഹ്യാകലം പാലിച്ചുകൊണ്ടും ഹൃദയങ്ങളുടെ അകലമില്ലായ്മയിൽ നിന്നുകൊണ്ടും തൃപ്പാദങ്ങളുടെ 93-ാമത് മഹാസമാധിദിനം അതിജീവനത്തിന്റെ വെളിപാടിനുള്ള പ്രാർത്ഥനാദിനമായി നമുക്ക് ഒന്നായി ആചരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |