ഏകോപനം മുർഷിദ് ഹസൻ ഇയാളുടെ ബൈക്കിൽ നിന്ന് പണവും പിടിച്ചു
പിടിയിലാകാൻ ഇനിയും പത്ത് ഭീകരർ ഇതിൽ പലരെയും തിരിച്ചറിഞ്ഞു
കൊച്ചി:കൊച്ചി ഉൾപ്പെടെ രാജ്യത്തെ നാലു നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടതിന് അറസ്റ്റിലായ ഭീകരരുമായി ബന്ധപ്പെട്ടിരുന്ന കൂടുതൽ പേർ കേരളത്തിലുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യക്തമാക്കി. പശ്ചിമബംഗാളിലും കേരളത്തിലുമായി ഒമ്പതു ഭീകരരാണ് അറസ്റ്റിലായത്. പത്ത് പേർ കൂടി പിടിയിലാകാനുണ്ട്. ഇവരിൽ പലരെയും തിരിച്ചറിഞ്ഞതായും എൻ.ഐ.എ വെളിപ്പെടുത്തി.
'പാകിസ്ഥാൻ സ്‌പോൺസേർഡ് അൽ ക്വ ഇദ'യാണ് സ്ഫോടന പരമ്പരകൾക്ക് പദ്ധതി തയ്യാറാക്കിയതും, സമൂഹ മാദ്ധ്യമങ്ങളിലൂടെ ചർച്ച നടത്തി ഭീകരാക്രമണത്തിനുള്ള സംഘത്തെ രൂപപ്പെടുത്തിയതും.അറസ്റ്റിലായ സംഘാംഗങ്ങളെല്ലാം ബംഗാളി സംസാരിക്കുന്നവരാണ്. എറണാകുളം പാതാളത്ത് അറസ്റ്റിലായ മുർഷിദ് ഹസനാണ് നിലവിൽ ഒന്നാം പ്രതി. ആക്രമണത്തിനും പണ സമാഹരണത്തിനുമായി രാജ്യത്ത് വിവിധയിടങ്ങളിൽ തങ്ങിയ സംഘത്തെ ഏകോപിപ്പിച്ചത് ഇയാളാണ്. അറസ്റ്റിലായ എല്ലാവരുമായും ഇയാൾ വാട്സ് ആപ്പ് ഗ്രൂപ്പു വഴി ആശയവിനിമയം നടത്തിയിരുന്നു. മുർഷിദിന്റെ ബൈക്കിൽ സൂക്ഷിച്ച ബാഗിൽ നിന്ന് പണവും എൻ.ഐ.എ പിടിച്ചെടുത്തു. തുക എത്രയെന്ന് വ്യക്തമല്ല.
ഒറ്റയാൻ മുർഷിദ്
മുർഷിദ് താമസിച്ചിരുന്ന പാതാളത്ത് ഒരാഴ്ചയായി എൻ.എ.ഐ നിരീക്ഷണം നടത്തി വരുകയായിരുന്നു. ഒരു മുറിയിൽ ഒറ്റയ്‌ക്കായിരുന്നു താമസം.
നിർമ്മാണത്തൊഴിലാളിയായി കഴിഞ്ഞിരുന്ന മുർഷിദ് പലപ്പോഴും ജോലിക്ക് പോകാറില്ല. കൂടെയുള്ളവർ പോകുമ്പോൾ ലാപ്‌ടോപ്പിന് മുന്നിലിരിക്കും. ഭീകര പ്രവർത്തന ആശയങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളാണ് നോക്കിയിരുന്നത്.എൻ.ഐ.എ പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. നിർമ്മാണത്തൊഴിലാളികൾക്കിടയിൽ ലാപ്ടോപ് കൈവശമുള്ളതും, അത് നോക്കാനുള്ള സാങ്കേതിക ജ്ഞാനവും മുർഷിദിനെ പ്രത്യേകം നിരീക്ഷിക്കാൻ എൻ. ഐ. എയെ പ്രേരിപ്പിച്ചിരുന്നു.ഇയാളുടെ മുറിയിൽ ഒന്നരമണിക്കൂർ പരിശോധന നടത്തി. ബാഗിൽ തിരിച്ചറിയൽ രേഖകൾക്കൊപ്പമാണ് ജിഹാദി പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്.ഇയൾ ബന്ധപ്പെട്ടിരുന്ന മൊസറഫ് ഹസൻ രണ്ടാം പ്രതിയും ,യാക്കൂബ് ബിശ്വാസ് ആറാം പ്രതിയുമാണ്.
എൻ.ഐ.എ ഡൽഹി യൂണിറ്റിലെ ശങ്കർ ബ്രത റെയ്മേധിയാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളത്ത് പിടിയിലായ മൂന്നു പേരെയും കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി വിമാനത്തിൽ ഡൽഹിക്ക് കൊണ്ടുപോയി. പട്യാല ഹൗസ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.
ആയുധം സംഭരിക്കാൻ കാശ്മീരിലേക്ക്
പ്രതികളിൽ ചിലർ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കാൻ കാശ്‌മീരിലേക്കും ഡൽഹിയിലേക്കും പോകുമെന്നറിഞ്ഞതോടെയാണ് ,എൻ.ഐ.എ 11 ന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പണം സമാഹരിച്ചാലുടൻ ആയുധങ്ങൾ നൽകാമെന്ന് പാകിസ്ഥാനിലെ അൽ ക്വ ഇദ കമാൻഡർ അറിയിച്ചെന്നും വ്യക്തമായി. മുർഷിദ് ഹസനാണ് പാക് കമാൻഡറുമായി ബന്ധപ്പെട്ടിരുന്നത്. ഇയാൾ ബംഗാളിൽ അറിയപ്പെടുന്ന തീവ്ര ചിന്താഗതിക്കാരനാണ്. ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റിട്ടതിന് അവിടെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |