
ഇസ്ളാമാബാദ്: ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി നിത്യച്ചെലവിനായി ഏഴ് ബില്യൺ ഡോളർ കടം ചോദിച്ച പാകിസ്ഥാനോട് കടുപ്പമേറിയ വ്യവസ്ഥകൾ മുന്നോട്ടുവച്ച് അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്), വരുന്ന 18 മാസത്തിനകം പാലിക്കേണ്ട 64 നിയന്ത്രണ ചട്ടങ്ങളാണ് ഐഎംഎഫ് മുന്നോട്ടുവച്ചത്. അഴിമതി തടയണം എന്നതടക്കം 11 പുത്തൻ ചട്ടങ്ങളാണ് പാക് സർക്കാരിന് മുന്നിലുള്ളത്.
പാകിസ്ഥാന്റെ ദേശീയ വിമാനകമ്പനി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈനിനെ (പിഐഎ) ഉടനെ സ്വകാര്യവത്കതിക്കണം എന്ന് നേരത്തെ ഐഎംഎഫിന്റെ ആവശ്യമുണ്ടായിരുന്നു. ഇതിന് ടെൻഡർ നടപടി ഡിസംബർ 23ന് തുടങ്ങുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചിരുന്നു. ഏഴ് ബില്യൺ ഡോളർ (63000 കോടി രൂപ) ആണ് ഐഎംഎഫിനോട് പാകിസ്ഥാൻ സർക്കാർ ചോദിച്ചത്.
പാകിസ്ഥാന്റെ ആവശ്യപ്രകാരം ഒരു ബില്യൺ ഡോളർ നേരത്തെ ഐഎംഎഫ് പാകിസ്ഥാന് നൽകിയിരുന്നു. ഏതാണ്ട് 9000 കോടി ഇന്ത്യൻ രൂപ വരുമിത്. രണ്ടാം ഗഡു 1.2 ബില്യൺ ഡോളർ (10,800 കോടി രൂപ) അനുമതിയും ലഭിച്ചു. ഇനി അടുത്ത ഘട്ടം ഗഡുക്കൾക്കായി പാകിസ്ഥാൻ ഇന്റർനാണണൽ എയർലൈൻസിനെ സ്വകാര്യവത്കരിക്കാനാണ് നിർദ്ദേശം. കമ്പനിയുടെ 51 ശതമാനം മുതൽ 100 ശതമാനം വരെ ഓഹരി വിൽക്കാനാണ് നടപടി നടക്കുന്നത്.
1946 ഒക്‌ടോബർ 29ന് കൊൽക്കത്ത ആസ്ഥാനമായി മിർസ അഹമ്മദ് ഇസ്‌പഹനി, ആദം ജീ ഹാജി ദാവൂദ് എന്നിവർ ചേർന്ന് ആരംഭിച്ച ഓറിയന്റ് എയർവെയ്‌സ് വിഭജന ശേഷം പാകിസ്ഥാനിൽ പ്രവർത്തനം നടത്തി. 1955ൽ സർക്കാർ ഓറിയന്റ് എയർവേസിനെ ദേശസാൽക്കരിച്ച് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് എന്നാക്കി. പിന്നീട് തകർന്ന കമ്പനി പിടിച്ചുനിൽക്കാനാകാത്ത കടത്തിലായി. 82,500 കോടിയുടെ കടത്തിലാണ് ഈ കമ്പനി ഇപ്പോൾ. കമ്പനിയിലെ പൈലറ്റുമാരിൽ 30 ശതമാനത്തിനും വ്യാജ ലൈസൻസ് ആണുള്ളതെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയന്റെ വിലക്ക് കമ്പനി നേരിട്ടിരുന്നു.
നിലവിൽ ഐഎംഎഫ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ മുതിർന്ന ഭരണാധികാരികൾ മുതൽ താഴെ ചെറിയ ഉദ്യോഗസ്ഥർ വരെയുള്ള നിരയ്‌ക്ക് വലിയ തിരിച്ചടിയാണ്. കാരണം പാകിസ്ഥാനിൽ അഴിമതി സാർവത്രികമാണ് എന്നത് തന്നെ. ഈ പുതിയ നിർദ്ദേശങ്ങളും നടപ്പിലാക്കുക സർക്കാരിന് വലിയ ബുദ്ധിമുട്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |