നെയ്യാറ്റിൻകര: കോരിച്ചൊരിയുന്ന മഴയത്തും നെയ്യാറ്റിൻകരയിലെ ഉയർന്ന പ്രദേശങ്ങളിൽ ജലദൗർലഭ്യം. ആലുംമൂട് പ്രദേശത്തെ നാട്ടുകാർ സംഘടിച്ച് നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി ഓഫീസ് കഴിഞ്ഞ ദിവസം ഉപരോധിച്ചിട്ടും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. കാളിപ്പാറ ജല വിതരണ പദ്ധതിയിലെ പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതാണ് വിതരണ പൈപ്പിലെ പ്രഷർ കുറയാനും അതു വഴി ജല വിതരണം മുടങ്ങാനും കാരണമത്രേ.
ജല അതോറിട്ടിയുടെ ആറ് കുടിവെള്ള പദ്ധതികളുടെ സ്രോതസായ നെയ്യാർ നദിയിൽ ആവശ്യത്തിന് ജലം ഉണ്ടായിട്ടും ഇവിടെ നിന്നും ജലം ശേഖരിക്കുന്ന കുടിവെള്ള പദ്ധതികളൊക്കെ പരാജയം. നെയ്യാറിലെ അനധികൃത മണ്ണെടുപ്പും മണലൂറ്റും മാലിന്യ നിക്ഷേപവും തടയാൻ അധികൃതർക്കാവുന്നില്ല. ഇതും ജലവിതരണത്തെ സാരമായി ബാധിക്കും.
നെയ്യാർ
കേരളത്തിലെ തെക്കെയറ്റത്തെ നദിയായ നെയ്യാർ അഗസ്ത്യകൂടത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. പൊഴിയൂരിൽ കടലിൽ പതിക്കുന്ന 56 കിലോമീറ്റർ ദൂരമുള്ള ഈ നദി കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളുടെ പ്രധാന ജലസേചന കുടിവെള്ള സ്രോതസാണ്. ജല അതോറിട്ടിയുടെ മെഗാ പദ്ധതിയായ കാളിപ്പാറ ഉൾപ്പെടെ ആറു കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത് നെയ്യാറിലെ ജലത്തെ ആശ്രയിച്ചാണ്. 2300 മില്ലീ മീറ്റർ വാർഷിക വർഷപാതമുള്ള ഈ നദി നാശത്തിന്റെ വക്കിലാണ്.
നെയ്യാറിനെ ആശ്രയിച്ചുള്ള പദ്ധതികൾ
1)14 എം.എൽ.ഡി ശേഷിയുള്ള കാളിപ്പാറ
2)1.4 എം.എൽ.ഡി ശേഷിയുള്ള മൂന്നാറ്റുമുക്ക്
3) 5 എം.എൽ.ഡി ശേഷിയുള്ള പഴമല
4)1.1 എം.എൽ.ഡി ശേഷിയുള്ള മാമ്പഴക്കര
5) 4.5 എം.എൽ.ഡി ശേഷിയുള്ള കൃഷ്ണപുരം
6)8 എം.എൽ.ഡി ശേഷിയുള്ള കുമളി
മണലെടുപ്പും മണലൂറ്റും
മാമ്പഴക്കര മുതൽ പൂവാർ വരെ നീളുന്ന പ്രദേശത്തെ അനധികൃത മണ്ണെടുപ്പും മണലൂറ്റുമാണ് നെയ്യാർ നദിയെ നാശത്തിന്റെ വക്കിലാക്കുന്നത്. ഇഷ്ടിക കളങ്ങൾക്കായി നെയ്യാറിന്റെ കരകളിടിച്ചാണ് മണ്ണെടുപ്പ് നടക്കുന്നത്. കരകളിടിച്ച് മണ്ണെടുപ്പ് ഒരു വശത്ത് പുരോഗമിക്കുമ്പോൾ മറുവശത്ത് ആഴത്തിലുള്ള മണൽ വാരലും നടക്കുന്നുണ്ട്. കരകളിടിച്ചുള്ള മണ്ണെടുപ്പു കാരണം നെയ്യാറിന്റെ കരയേത്, നദിയേത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.
നശിക്കുന്ന കൃഷിയിടം
ഇപ്പോൾ നെയ്യാർ ഡാം തുറന്നുവിട്ടിരിക്കുന്നതിനാൽ അല്പമെങ്കിലും നീരൊഴുക്കുണ്ട്. ഡാം ഏതാനും ദിവസങ്ങൾക്കകം അടയ്ക്കും. അപ്പോൾ കൂടുതൽ ജലദൗർലഭ്യം അനുഭവപ്പെടും. ഇപ്പോൾ തന്നെ നെയ്യാറിലെ ജലത്തെ ആശ്രയിച്ച് കൃഷിയിറക്കിയിടത്തെല്ലാം ജലദൗർലഭ്യം അനുഭവപ്പെടുകയാണ്. വേനൽ കൂടുതൽ കടുക്കുന്നതോടെ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയിലാകും. ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന നെയ്യാറിനെ സംരക്ഷിക്കാൻ യാതൊരു പദ്ധതിയും മാറിമാറിവരുന്ന അധികൃതർ നടപ്പാക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |