വിശേഷ ബുദ്ധിയും യുക്തിഭദ്രതയുമുള്ള ജീവിതശൈലി നമുക്ക് സമ്മാനിച്ച ഗുരുപരമ്പരകൾ ഭാരതത്തിന് എന്നും അഭിമാനമായിരുന്നു. കേരളത്തെ ആകമാനം വെളിച്ചത്തിലേയക്ക് നയിച്ച ശ്രീനാരായണ ഗുരുദേവന്റെ മഹാജയന്തി ആഘോഷവും സമാധി ദിനാചരണവും ഭക്ത മനസുകളിൽ ആഹ്ലാദവും പ്രാർത്ഥനയും നിറയ്ക്കുന്നത് അതുകൊണ്ടാണ്.
ലോകത്തെ മുഴുവൻ വൈവിദ്ധ്യങ്ങളേയും വൈചിത്ര്യങ്ങളേയും ഉൾക്കൊള്ളാനുള്ള ഹൃദയ വിശാലത ഋഷീശ്വരൻമാർ നമുക്ക് കനിഞ്ഞു നൽകി. എല്ലാ മതങ്ങളേയും ദൈവ സങ്കൽപ്പങ്ങളേയും ഉൾക്കൊള്ളുന്ന പാരമ്പര്യത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് ഗുരുദേവൻ ചെയ്തത്.
അധ:സ്ഥിതരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നമനത്തിനായി ഗുരുദേവൻ ഉഴുതു മറിച്ച കളത്തിൽ അക്രമത്തിന്റേയും വൈരുദ്ധ്യത്തിന്റേയും വേർതിരിവിന്റേയും വിഭാഗീയതയുടേയും സാമ്രാജ്യം പണിതുയർത്തി ഇവിടെ പലരും.
ജനാധിപത്യ സംവിധാനത്തിന്റെ അധികാര കളരിയിൽ ചാവേറുകളായി എക്കാലവും തുടരാൻ വിധിക്കപ്പെട്ട സാധാരണക്കാർക്ക് അവനെന്നും ഇവനെന്നും അന്യനെന്നും ഭേദമില്ലാതെ സർവ്വധനാൽ പ്രധാനമായ അദ്ധ്യാത്മ വിദ്യയെ ലോകത്തിനായി ഗുരുദേവൻ അലിവിലലിഞ്ഞരുളുകയുണ്ടായി. ഈ അറിവിന്റെ അന്യാദൃശമായ നിറവ് നമ്മെ കൂടുതൽ കൂടുതൽ നിർമ്മലമാക്കാൻ സ്വയം സമർപ്പിക്കുമ്പോഴാണ് ഗുരുധർമ്മ പ്രചാരണമാകുന്നത്.
കർമ്മ ഭക്തി ജ്ഞാന യോഗങ്ങളെ ഓരോ ഭക്തന്റേയും കഴിവിനും പ്രാപ്തിയ്ക്കും സാഹചര്യത്തിനും അനുസരിച്ച് സമന്വയിപ്പിച്ചു ഉൾക്കൊള്ളാനും പകർന്നു കൊടുക്കാനുമാകണം.
ആർക്കും ഒരിക്കലും കണ്ടെത്താനാവാത്ത സ്വാതന്ത്ര്യമില്ലാത്ത നീക്കുപോക്കില്ലാത്ത വിശ്വാസ ആചാരങ്ങളല്ല മതം. ദൈവാനുഭവമാണത്. ദൈവ സൃഷ്ടിയിൽ എല്ലാവരുടേയും സ്വാതന്ത്ര്യമാണത്. ആത്മസുഖമാണ് മതം എന്ന് ഗുരു പറയുന്നതിന്റെ സാരം യുക്തി ഭദ്രമാകുന്നത് കൊണ്ടാണ് ദൈവം തന്നെയും അംഗീകരിക്കപ്പെടുന്നത്. സ്വർഗ നരകങ്ങൾക്കായി പരസ്പരം കൊല്ലാനും കൊല്ലിക്കാനും തുനിയാതെ നാം അധിവസിക്കുന്ന ഇവിടം സ്വർഗമാക്കണം..നമുക്ക്.നാമേ പണിവത് നാകം നരകവുമതുപോലെ എന്ന കവി വാക്യം എത്രയോ അർത്ഥവത്താണ്. നരകതുല്യമായ ചിന്തകളും ശത്രുതയും ഉപേക്ഷിച്ച് പരസ്പര സാഹോദര്യത്തിന്റെ പറുദീസയാക്കി നമുക്ക് ഈ ലോകത്തെ മാറ്റണം. അതിന് സർവ്വ മതങ്ങളേയും സമബുദ്ധിയോടെ പഠിക്കാൻ നമ്മെ ഉപദേശിച്ച ഗുരുവിന്റെ കാലം കഴിയുകയോ ?
തികഞ്ഞ ശാന്തതയോടെ കേരളത്തിന്റെ ഇരുളടഞ്ഞ കാലഘട്ടത്തെ പ്രകാശത്തിലേയ്ക്ക് നയിച്ച ഗുരുവിന്റെ ജീവിത മാതൃക തന്നെയാണ് നമുക്ക് സ്വീകരിക്കേണ്ടത്.
നർമ്മവും കൃപയും ജ്ഞാനവും കർമ്മകുശലതയും അനന്ത യോഗ നയനങ്ങളും ഈശ്വര ചൈതന്യം സ്ഫുരിക്കുന്ന മുഖകാന്തിയും കാണുന്ന രവീന്ദ്രനാഥ ടാഗോറിനെപ്പോലെയുള്ള ഒരാൾക്ക് പൂർണാവതാരമായ മഹാജ്ഞാനിയെ ഗുരുവിൽ കാണുവാൻ കഴിയും. കോരുന്നവന്റെ പാത്രത്തിനനുസരിച്ചേ ഓരോരുത്തർക്കും എടുക്കാനാവുകയുള്ളല്ലോ. അതുപോലെ കാണുന്നവന്റെ അറിവിനനുസരിച്ചും ബുദ്ധിയ്ക്കനുസരിച്ചും സംസ്‌കാരത്തിനനുസരിച്ചും മാത്രമേ ഗുരുവിനെയല്ല ആരെയും എന്തിനെയും മനസിലാക്കാനാവൂ. ഇത്തരം വിമല വിദ്യയാൽ സൂക്ഷ്മ ദൃക്കല്ലാത്തവർക്ക് ഗുരുവിനെ സാമൂഹ്യ പരിഷ്‌കർത്താവ്, നവോത്ഥാന നായകൻ, വിപ്ലവകാരിയൊക്കെയായേ കാണാനാവൂ.
ഗുരുവിന്റെ കൃതികളിൽ ഉപനിഷത്തുക്കളിലെ ആശയങ്ങളുടെ ആവർത്തനം വരെ കാണാനാവും. ഈ അടിത്തറയിൽ നിന്ന് നോക്കുമ്പോൾ ചാതുർവർണ്യത്തിന് മുമ്പേ ഉണ്ടായിരുന്ന ഋഷിമാരുടെ ബുദ്ധൻമാരുടെ പരമ്പരയിൽ വരുന്ന ഒരു മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ എന്ന് സമ്മതിച്ചേ പറ്റൂ.
പരമേശ പവിത്ര പുത്രനോ എന്ന് ക്രിസ്തുവിനേയും കരുണാവാൻ നബി മുത്തുരത്നമോയെന്ന് നബിയേയും മതങ്ങൾക്കതീതമായി കാണാൻ പഠിപ്പിച്ച ഗുരുദേവനേയും അറിയണമെങ്കിൽ ഗുരുദേവ കൃതികൾ പഠിക്കണം. ഗുരുദേവ കൃതികളിലൂടെ ഗുരുവിനെ അറിയാത്തവർക്കാണ് നവോത്ഥാന നായകനും വിപ്ലവകാരിയും സാമൂഹ്യ പരിഷ്‌കർത്താവുമൊക്കെയായും മാറിപ്പോകുന്നത്. മതത്തേയും ദൈവത്തേയും പറ്റിയുള്ള ഉദാത്ത വീക്ഷണം സാമൂഹികതലത്തിൽ മനുഷ്യനെ സൃഷ്ടിക്കുമെന്ന് ഗുരുദേവൻ നിരീക്ഷിക്കുന്നു. മതവിശ്വാസമോ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പരിഷ്‌കാരമോ അല്ല ഭൗതിക രംഗത്തിന്റെ അത്ഭുതകരമായ വളർച്ചയും വികാസവും ഒരു സൂപ്പർ മാർക്കറ്റിലെന്നപോലെ നമ്മെകൊണ്ടെത്തിച്ചപ്പോഴും സന്മാർഗ്ഗനിഷ്ഠരാക്കി പരമ നൻമയിൽ മനുഷ്യനെ വേർതിരിച്ചെടുക്കുന്നതിനുള്ള പ്രായോഗിക ജീവിതപദ്ധതി തന്നെയായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും പ്രവർത്തനവും ലക്ഷ്യവും. സമൂഹത്തിൽ നിന്നോ ദൈവത്തിൽ നിന്നോ അല്ല നാം നമ്മുടെ കേന്ദ്രസത്തയിൽ നിന്ന് പൊതു മാനുഷികതയിൽ നിന്ന് അകന്നു പോയതുതന്നെയാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ദുരന്തം. മതസമന്വയവും സാഹോദര്യവും പകർന്നു തരുന്ന ശാന്തി ശീതളമായ സാമൂഹിക അന്തരീക്ഷത്തിൽ മാത്രമേ മാനവ സംസ്‌കാരത്തിന്റെ ഉത്തമ പുഷ്പങ്ങളായ മനുഷ്യൻ വിരിയുകയുള്ളൂ. ഗുരുദേവ സന്ദേശങ്ങൾ പുതിയ ലോകത്തിൽ മാനവികതയുടെ കെടാവിളക്ക് കൊളുത്തട്ടെ.
(ആലുവ അദ്വൈതാശ്രമം സെക്രട്ടറിയാണ് ലേഖകൻ. ഫോൺ : 9446866831)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |