ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം പാകിസ്ഥാനിലേക്കും. പാകിസ്ഥാനിലെയും അമൃതസറിലെയും വൻ മയക്കുമരുന്ന മാഫിയകൾ ബോളിവുഡ് സിനിമാ മേഖലയിലേക്കും മുംബയിലേക്കും കൊക്കെയ്ൻ തുടങ്ങിയ ലഹരി വസ്തുക്കൾ എത്തിക്കുന്നതായി കണ്ടെത്തി. ഇതിന്റെ ഇടനിലക്കാരെ കണ്ടെത്താനുളള ശ്രമത്തിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.
ബോളിവുഡ് സിനിമയിലും മുംബയ് നഗരത്തിലും ലഹരിമരുന്ന് വിതരണം ചെയ്യുന്നതാരാണെന്നത് സംബന്ധിച്ച വിവരം തങ്ങൾക്ക് ലഭിച്ചതായും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരുന്നതായും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. 2018ൽ മാത്രം 1200 കിലോ കൊക്കെയ്നാണ് ഇന്ത്യയിലെത്തിയത്.ഇതിൽ 300 കിലോയോളം മുംബയിലാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ 55 കിലോ കൊക്കെയ്ൻ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നത്. ഓസ്ട്രേലിയയിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ ദിവസവും ഒരു ടൺ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് എൻ.സി.ബി അന്വേഷിക്കുന്നത്. ഏറെ ഗൗരവത്തോടെയാണ് അധികൃതർ ഈ വിഷയം കെെക്കാര്യം ചെയ്യുന്നത്. ലഹരിമരുന്നിന്റെ ഇടനിലക്കാർ രാഷ്ട്രീയ സിനിമാ ബിസിനസ് മേഖലയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരിക്കുന്നതായും സൂചനകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |