തിരുവനന്തപുരം: ഇപ്പോൾ പെയ്യുന്നതൊന്നുമല്ല മഴ, ഇനി വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, പ്രളയത്തിന് ഇടയാക്കുന്ന തരത്തിലുള്ള തീവ്രമഴയോ അതി തീവ്ര മഴയോ ആകില്ലെന്നുമാത്രമാണ് ആശ്വാസം. എങ്കിലും കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഈ മാസം 30വരെ ശരാശരിയെക്കാൾ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതായത് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അവസാന ദിനങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ രണ്ട് പ്രളയ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം ഈ മാസത്തിൽ ഇതുവരെ ശരാശരിയേക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്. മുൻവർഷങ്ങളിൽ സെപ്തംബറിലെ കണക്കെടുത്താൽ ശരാശരിയും അതിനും താഴെയും മാത്രമാണ് മഴ ലഭിച്ചത്. ഈ മാസം ശേഷിക്കുന്ന ദിവസങ്ങളിൽകൂടി മഴ ലഭിച്ചാൽ റെക്കാഡാവും പിറക്കുക.
നാല് ശതമാനം കൂടുതൽ
ഈ മാസം ഒന്നുമുതൽ 16 വരെ സംസ്ഥാനത്ത് ലഭിച്ചത് 1991.9 മില്ലി മീറ്റർ മഴയാണ്. ഇത് ശരാശരി മഴയേക്കാൾ നാല് ശതമാനം കൂടുതലാണ്. അന്തരീക്ഷ സ്ഥിതി വിലയിരുത്തുമ്പോൾ വരും ദിവസങ്ങളിൽ ശരാശരിയേക്കാൾ രണ്ടുമടങ്ങുവരെ അധികം മഴ ലഭിക്കുമെന്നും വിലയിരുത്തലുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനം മഴക്കുറവ് നികത്തി. 9 ശതമാനം അധിക മഴയാണ് കേരളത്തിൽ ഇതുവരെ ലഭിച്ചത്. 1955.6 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 2128.4 മി.മീറ്ററാണ്. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 20 വരെ 108.83 ശതമാനം മഴ ലഭിച്ചു. 2019ൽ 2309.8 മി.മീറ്റർ മഴയും 2018 ൽ 2515.7 മി.മീറ്റർ മഴയും സംസ്ഥാനത്ത് ലഭിച്ചിരുന്നു.
'നൗൾ' സ്വാധീനിക്കും
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിലെ അവസാന ഘട്ട മഴ ഈ മാസം 25 വരെ ലഭിക്കും. ചൈന കടലിൽ രൂപമെടുത്ത ശക്തമായ ചുഴലിക്കാറ്റായ 'നൗൾ' അറബിക്കടലിൽ നിന്നും കേരളത്തിന് മുകളിലൂടെയുള്ള കാലവർഷക്കാറ്റിനെ കൂടുതൽ ആകർഷിക്കും. ഇതിന്റെ ഫലമായി വരുംദിവസങ്ങളിൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ചുഴലിക്കാറ്റ് കൂടുതൽ ശക്തമായി വിയറ്റ്‌നാം തീരത്തേക്ക് എത്തും. അതോടെ കേരളത്തിന് മുകളിലൂടെയുള്ള കാലാവർഷക്കാറ്റ് കൂടുതൽ ശക്താപ്രാപിച്ച് വ്യാപക മഴയ്ക്ക് ഇടയാക്കും. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കുള്ള അന്തരീക്ഷ സാഹചര്യമുണ്ടാവും. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിനൊപ്പം ആന്ധ്രാതീരത്തെ ചക്രവാതച്ചുഴിയും വ്യാപക മഴയ്ക്ക് കാരണമാവും. സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും മഴ കൂടുതൽ ശക്തമായിരിക്കുമെന്നാണ് പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |