ന്യൂഡൽഹി: 2015 മുതലുളള അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ചത് ആകെ 58 രാജ്യങ്ങൾ. ഈ യാത്രകൾക്കായി 517.82 കോടിരൂപയും ചെലവായി. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു മോദിയുടെ ഒടുവിലത്തെ വിദേശയാത്ര. ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലിലേക്കായിരുന്നു ആ യാത്ര. നവംബറിൽ തന്നെ ആദ്യം തായ്‌ലൻഡിലും സന്ദർശനം നടത്തിയിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിദേശയാത്രകൾ അവസാനിപ്പിച്ചു. ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
അഞ്ച് തവണ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ മോദി സന്ദർശനം നടത്തിയിട്ടുണ്ട്. സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, യു എ ഇ, ശ്രീലങ്ക എന്നീരാജ്യങ്ങളിലും സന്ദർശനം നടത്തി.
2014 ജൂൺ മുതൽ 2018 ഡിസംബർ മൂന്നുവരെ 2000 കോടി രൂപ പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി ചെലവായെന്നാണ് 2018 ഡിസംബറിൽ കേന്ദ്രം അറിയിച്ചിരുന്നത്. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ്, എയർക്രാഫ്റ്റ് മെയിന്റനൻസ്, ഹോട്ട്‌ലൈൻ സൗകര്യങ്ങൾക്കായുള്ള ചെലവ് എന്നിവയെല്ലാം കൂട്ടിയാണ് മൊത്തം ചെലവ്.
അന്നത്തെ കണക്കുകൾ പ്രകാരം 1,583.18 കോടി രൂപ എയർക്രാഫ്റ്റ് മെയിന്റനൻസിനായി മാത്രം ചെലവായി. 429.25 കോടി രൂപ ചാർട്ടേഡ് വിമാനങ്ങൾക്കായി ചെലവഴിച്ചു. ഹോട്ട്‌ലൈൻ സൗകര്യങ്ങൾക്കായി 9.11 കോടി രൂപയാണ് വേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |