കാസർകോട്: നായിക്കാപ്പിൽ സി.പി.എം പ്രവർത്തകന്റെ വീടും ബൈക്കും ആറംഗ സംഘം തല്ലിത്തകർത്തതായി പരാതി. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകൻ നായിക്കാപ്പ് നാരായണ മംഗലത്തെ ശിവപ്രസാദ് (37), സഹോദരി മമത (38), മമതയുടെ മകൾ ദിയ (12) എന്നിവരെയാണ് കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രാത്രി എട്ടരയോടെ ബി.ജെ.പി പ്രവർത്തകരായ ആറംഗ സംഘം ശിവപ്രസാദിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ശിവപ്രസാദ് ഇല്ലെന്ന് പറഞ്ഞതോടെ വീട്ടിനകത്ത് കയറാൻ ശ്രമിക്കുകയായിരുന്നുവത്രെ. അതിനിടെ സംഘത്തെ തടഞ്ഞതോടെ മമതയേയും ദിയയേയും തള്ളിയിടുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും വീട്ടിനകത്തെ സോഫയും ഗ്ലാസുകളുമൊക്കെ തകർക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ശിവപ്രസാദിനെ മർദ്ദിച്ച് കൊലവിളി നടത്തിയതിനു ശേഷമാണ് സംഘം മടങ്ങിയതെന്ന് കുടുംബം പൊലീസിന് മൊഴി നൽകി. കുമ്പള പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |