തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സി.എം.ഇ.ഡി.പി) ഭാഗമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) നൽകുന്ന ആദ്യ 100 വായ്‌പകളുടെ വിതരണം 28ന് രാവിലെ 11ന് നടക്കുന്ന ഓൺലൈൻ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. ജൂലായ് 17ന് പ്രഖ്യാപിച്ച പദ്ധതിയിലേക്ക് ഇതുവരെ 3,200 അപേക്ഷകൾ ലഭിച്ചു. ഇതിൽ 259 പേരുമായി കൂടിക്കാഴ്‌ച നടത്തി. 249 പേർക്ക് പരിശീലനവും നൽകി. പദ്ധതി പ്രഖ്യാപിച്ച് 60 ദിവസത്തിനകമാണ് മൂന്നു ബാച്ചുകൾക്ക് പരിശീലനം നൽകിയതെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്‌ടർ ടോമിൻ തച്ചങ്കരി പറഞ്ഞു.
അഞ്ചുവർഷത്തിനകം 5,000 പുതുസംരംഭങ്ങൾ ആരംഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30,000 മുതൽ 50 ലക്ഷം രൂപവരെയാണ് വായ്‌പ ലഭിക്കുക. മൂന്നു ശതമാനം സർക്കാർ സബ്‌സിഡിയോടെയാണ് വായ്‌പ. വിദേശത്തുനിന്ന് മടങ്ങിയവർക്ക് നോർക്കയുമായി സഹകരിച്ച് മൂന്നു ശതമാനം അധിക സബ്‌സിഡിയും ലഭിക്കും.
ഒരുലക്ഷം രൂപവരെയുള്ള വായ്‌പകൾക്ക് പ്രോസസിംഗ് ചാർജുകളില്ല. ഡിസംബറിനകം 600 വായ്‌പകളും നടപ്പുവർഷം 1,000 വായ്‌പകളും വിതരണം ചെയ്യുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |