ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ട വികസനത്തോടനുബന്ധിച്ച് കൊടിനട മുതൽ ബാലരാമപുരം വരെ ഭൂമി ഏറ്റെടുത്ത് വികസനം നടത്തണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത്. നിലവിൽ കൊടിനട മുതൽ ബാലരാമപുരം വരെയുള്ള ഭൂമി ഏറ്റെടുക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അഞ്ച് വർഷം മുമ്പ് സ്ഥലം എ കാറ്റഗറിയിൽ ഉൾപ്പെടുത്തി ബിജു പ്രഭാകർ കളക്ടർ ആയിരിക്കെ കൊടിനട മുതൽ ബാലരാമപുരം വരെ സ്ഥലം ഏറ്റെടുത്തപ്പോൾ ഈ ഭാഗത്തെ ഭൂമിക്ക് നഷ്ടപരിഹാരം നൽകി രണ്ടാംഘട്ട വികസനത്തിൽ ഉൾപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരം കുറഞ്ഞുപോയി എന്ന് ആരോപണം ഉയർന്നെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചയിലൂടെ അവ പരിഹരിച്ചിരുന്നു. എന്നാൽ സർക്കാർ മാറിയതോടെ റവന്യൂ നടപടകൾ വീണ്ടും തടസപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ നിരന്തരം സമീപിച്ചെങ്കിലും കൊടിനട മുതൽ ബാലരാമപുരം വരെയുള്ള ഭാഗം ഒഴിവാക്കുകയായിരുന്നു. അടുത്തിടെ വ്യാപാരികളുമായി നടന്ന ചർച്ചയിലാണ് കട ഒഴിവാക്കിയുള്ള വികസനത്തിന് വ്യാപാരികൾ പച്ചക്കൊടി കാണിച്ചത്.രണ്ടാംഘട്ട വികസനത്തിൽ കൊടിനട മുതൽ ബാലരാമപുരം വരെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയുള്ള ഭാഗത്ത് മാത്രമേ നിർമാണത്തിന് അനുമതിയുള്ളൂവെന്ന് കരാർ കമ്പനിയായ യു.എൽ.സി.എസ് അറിയിച്ചു.
സ്ഥലമേറ്റെടുക്കുന്നതിൽ അലംഭാവമുണ്ടായി
കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊടിനട മുതൽ ബാലരാമപുരം വരെ വേണ്ടുവോളം സമയം ലഭിച്ചിട്ടും ദേശീയപാത വിഭാഗം സ്ഥലം വികസനപ്രവർത്തനത്തിൽ അലംഭാവം കാണിച്ചത് പ്രതിഷേധാർഹമാണ്. സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാനും റവന്യൂ നടപടികൾ വേഗത്തിലാക്കാനും നാല് വർഷത്തോളം സമയം ലഭിച്ചിട്ടും ഉദ്യോഗസ്ഥവൃന്ദത്തിന്റെ അലംഭാവം മറച്ചുവയ്ക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ ദേശീയപാത ആക്ഷൻ കൗൺസിലും പ്രതിഷേധമറിയിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |