തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വർദ്ധന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാനം നാലാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയെ മറികടന്നാണ് സംസ്ഥാനത്ത് നിലവിലെ രോഗവ്യാപനം. ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് സംസ്ഥാനത്ത് വൻ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്‌ചക്കുളളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുപ്പതു ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന കണക്കിൽ സംസ്ഥാനം ഇന്നലെ നാലാമതാണ്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കർണാടകയിലും മാത്രമാണ് കേരളത്തേക്കാൾ കൂടുതൽ രോഗികളുണ്ടായത്. ഈ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ ഇരട്ടിയോ അതിലേറെയോ പരിശോധനകൾ നടക്കുന്നുമുണ്ട്.
പരിശോധനകൾ അടിസ്ഥാനമാക്കി രോഗബാധ താരതമ്യപെടുത്തുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കിയാലും കേരളം ഏറെ പിന്നിലാണ്. കഴിഞ്ഞ നാലു ദിവസത്തെ ദേശീയ ശരാശരി 8.8 ആണെങ്കിൽ സംസ്ഥാനത്ത് 10.8 ആയി ഉയർന്നിരിക്കുകയാണ്. പരിശോധനകൾ കൂടുതലുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേരളത്തേക്കാൾ മികച്ച നിലയിലാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമതാണ്.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെ ഏറെ സമ്മർദത്തിലാക്കി 45,91 9 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വരുന്ന ആഴ്‌ചകളിൽ പ്രതിദിന കണക്ക് പതിനായിരം വരെയാകാമെന്നും ഒരേ സമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരം വരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |