പാലക്കാട്: ഭക്ഷ്യ സ്വയംപര്യാപ്തതയും കൊവിഡ് കാല ഭക്ഷ്യക്ഷാമവും മുന്നിൽക്കണ്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിൽ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ- രാഷ്ട്രീയ സംഘടനകൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
3662 കർഷകർ പദ്ധതിയുടെ ഭാഗമാണ്. നെല്ല്, പച്ചക്കറി, വാഴ, ഫലവൃക്ഷങ്ങൾ, കിഴങ്ങ്, പയറുവർഗങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങി വിവിധ കൃഷികളാണ് പുരോഗമിക്കുന്നത്. അഗളി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൃഷി. 859 ഏക്കർ നിലത്ത് നെല്ല്, പച്ചക്കറി, ധാന്യങ്ങൾ, കിഴങ്ങ് വർഗങ്ങൾ എന്നിവയുണ്ട്.
8.1 ലക്ഷം വിത്ത് പാക്കറ്റ്
വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കാൻ 8.1 ലക്ഷം വിത്ത് പാക്കറ്റുകളും 8.7 ലക്ഷം തൈകളും വിതരണം ചെയ്തു. ഫലവർഗ വിളകളുടെ ദീർഘകാല ഉല്പാദനം ലക്ഷ്യമിട്ട് ജൂൺ 20 വരെയുള്ള ഒന്നാംഘട്ടത്തിൽ 4.7 ലക്ഷം തൈകളുടെ വിതരണം നടത്തി. സെപ്തംബർ 30 വരെയുള്ള രണ്ടാം ഘട്ടത്തിൽ 7.17 ലക്ഷം തൈകളാണ് ലക്ഷ്യമിടുന്നത്. ഇതിൽ അഞ്ചുലക്ഷം തൈകൾ വിതരണം ചെയ്തു.
41 ഇക്കോ ഷോപ്പ്, 35 ആഴ്ച ചന്ത
കാർഷികോല്പന്ന സംഭരണത്തിനും വിതരണത്തിനും ജില്ലയിൽ 41 ഇക്കോ ഷോപ്പുകളും 35 ആഴ്ച ചന്തകളുമുണ്ട്. ഓൺലൈൻ വിപണന നടപടികളും പുരോഗമിക്കുന്നു.
മഴമറ കൃഷിയും സജീവം
ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിൽ നിന്ന് വിതരണ ക്രമം തയ്യാറാക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുന്നു. കൂടാതെ പി.എം.കെ.എസ്.വൈ പദ്ധതി പ്രയോജനപ്പെടുത്താനും നിർദേശമുണ്ട്. നേരിട്ടുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വിധേയമാകാത്ത മഴമറ വഴി 67 യൂണിറ്റുകളിലായി 6348 മീറ്റർ കൃഷി പുരോഗമിക്കുന്നു. ഇതിൽ പ്രധാനമായും വെണ്ട, പയർ, വഴുതിന, മുളക്, തക്കാളി തുടങ്ങിയവയാണ് ഉൾപ്പെട്ടിരിക്കുന്നത്.
881 സംയോജിത യൂണിറ്റ്
കാർഷിക വിളകൾക്കൊപ്പം മൃഗ പരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കുറഞ്ഞ ഭൂമിയിൽ നിന്ന് പരമാവധി ആദായം ഉറപ്പാക്കുന്ന സംയോജിത കൃഷിക്കായി 881 യൂണിറ്റുകൾ സജ്ജമാണ്.
ജില്ലയിൽ പദ്ധതിക്കായി 7.31 കോടിയാണ് നീക്കിവെച്ചത്. ഇതിൽ 14.18 ലക്ഷം ചെലവഴിച്ചു. ഏപ്രിലിലാരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഭൗതിക സൗകര്യം കൈവരിക്കുകയാണ് ഉദ്ദേശം. വരും മാസങ്ങളിൽ പദ്ധതി നിർവഹണത്തിന് കൂടുതൽ തുക ചെലവഴിക്കും.
-പ്രിൻസിപ്പൽ കൃഷി ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |