ന്യൂഡൽഹി: അതിർത്തിയിൽ ചൈന കടന്നുകയറ്റത്തിന് മുതിരുകയോ, മാരകായുധങ്ങളുമായി ആക്രമിക്കാൻ വരികയോ ചെയ്‌താൽ വെടിവയ്‌ക്കാൻ ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം. പ്രകോപനം തുടർന്നാൽ അതിർത്തിയിൽ ഇരുപക്ഷവും പുലർത്തുന്ന വെടിനിറുത്തൽ കരാർ ലംഘിക്കേണ്ടിവരുമെന്ന് കമാൻഡർ ചർച്ചയിൽ ഇന്ത്യ അറിയിച്ചെന്നാണ് വിവരം.
സമാധാനം നിലനിറുത്താൻ സൈനിക പിൻമാറ്റം അടക്കം ചർച്ച ചെയ്യുന്നതിനിടെ നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ തുനിഞ്ഞാൽ എല്ലാം തകിടം മറിയുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കഴിഞ്ഞ ദിവസം ആഗസ്‌റ്റ് 29ന് ശേഷം പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്ത് ചൈന നടത്തിയ പ്രകോപനപരമായ നീക്കങ്ങൾ പരാമർശിച്ച് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞിരുന്നു.
20 സൈനികർ വീരമൃത്യുവരിച്ച ഗാൽവൻ താഴ്‌വരയിൽ ചൈനക്കാർ കുന്തങ്ങളും ആണിവച്ച മുളകളും അടക്കം പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. പാംഗോംഗ് തടാകക്കരയിൽ ആഴ്‌ചകൾക്ക് മുമ്പ് ഇന്ത്യൻ പോസ്‌റ്റിനു നേരെയുണ്ടായ ആക്രമത്തിലും ഇതുപോലുള്ള ആയുധങ്ങൾ അവരുടെ കൈവശമുണ്ടായിരുന്നു. ഇനിയും ഇതാവർത്തിച്ചാൽ തോക്കിലൂടെ മറുപടി നൽകാനാണ് ഇന്ത്യൻ സൈനികർക്ക് നൽകിയ നിർദ്ദേശം. പാംഗോംഗ് തടാകക്കരയിൽ ഇരുപക്ഷവും ആകാശത്തേക്ക് വെടിവച്ചിരുന്നു.
സൈന്യങ്ങളെ പതിവ് പോസ്‌റ്റുകളിലേക്ക് പിൻവലിക്കുന്നത് സങ്കീർണമായ പ്രക്രിയയാണെന്നും അതിനിടെയുണ്ടാകുന്ന പ്രകോപനങ്ങൾ കാര്യങ്ങൾ വഷളാക്കുമെന്നും ശ്രീവാസ്‌തവ പറഞ്ഞു. അതിനിടെ അതിർത്തിയിൽ സൈന്യങ്ങൾ മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാൻ ഒന്നിടവിട്ട ആഴ്‌ചകളിൽ പട്രോളിംഗ് നടത്താൻ ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |