കൊച്ചി: ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറി എ.എ. റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ നിരവധി കേസുകൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കിടക്കുമ്പോൾ ലൈഫ് ഭവന പദ്ധതിയിൽ കേസെടുത്തത് രാഷ്ട്രീയ അജണ്ട നടപ്പാക്കലാണ്. യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനും ഇടതുപക്ഷവേട്ട നടത്താനുമുള്ള അവസരമായി സ്വർണക്കടത്ത് കേസ് ഉപയാഗിക്കാനാണ് ബി.ജെ.പി - കോൺഗ്രസ് ശ്രമം. സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ ഫൈസൽ ഫരീദിനെ എൻ.ഐ.എയ്ക്ക് ചോദ്യംചെയ്യാൻ വിട്ടുകിട്ടാനുള്ള നടപടി ഇതുവരെ കേന്ദ്രം സ്വീകരിച്ചില്ല. ഈ കേസിൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്ന പരാതിയുണ്ടായിട്ടും മൊഴി പോലുമെടുക്കുന്നില്ല. അനിൽനമ്പ്യാരെ ചോദ്യംചെയ്തിട്ടും കേസെടുത്തില്ല. അതേസമയം പ്രോട്ടോകോൾ ലംഘനമെന്ന ബെന്നി ബഹ്നാന്റെ പരാതിയിൽ മന്ത്രി ജലീലിന്റെ മൊഴിയെടുത്തു. ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെറടുക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കുന്നില്ല. മാറാട് കേസും ഏറ്റെടുക്കുന്നില്ല. സ്വർണക്കടത്തുകേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾ ശക്തമാക്കുമെന്നും റഹിം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |