യൂട്യൂബ് വഴി സ്ത്രീകളെ അതിഹീനമായ രീതിയിൽ അധിക്ഷേപിച്ച വിജയ് പി.നായരുടെ മേൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുള്ളവരുടെ സംഘം കരിമഷി തളിക്കുകയും അയാളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യർ.
'പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ.' എന്നായിരുന്നു സന്ദീപിന്റെ പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.
യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ലൈംഗിക ചുവയുള്ള പദങ്ങൾ ഉപയോഗിച്ച് അപമാനിച്ചതിനും അധിക്ഷേപിച്ചതിനും വിജയ് പി.നായർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ ഇയാൾക്കെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് കേസെടുത്തത്. ഐ.പി.സി 354 എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |