തിരുവനന്തപുരം: യു.പി. സ്‌കൂൾ അസിസ്റ്റന്റ് മലയാളം മീഡിയം തസ്തികയ്ക്കായി അപേക്ഷിച്ചവരുടെ ഓൺലൈൻ അപേക്ഷ കാണാതായ സംഭവത്തിൽ പി.എസ്.സിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന സാങ്കേതിക വിദഗ്ദ്ധരുടെ റിപ്പോർട്ട് പി.എസ്.സി അംഗീകരിച്ചു. ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് പി.എസ്.സിക്ക് പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ അടങ്ങിയ സമിതി പരിശോധിച്ച റിപ്പോർട്ടിലാണ് പരാതിക്കാരുടെ വാദം നിലനിൽക്കില്ലെന്ന് സമിതി കണ്ടെത്തിയത്.
യൂണിവേഴ്സിറ്റികളിലെ 21 അനദ്ധ്യാപക തസ്തികകളലേക്കുള്ള നിയമനം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി സർക്കാരിൽ നിന്ന് ലഭിച്ച കരട് നിർദ്ദേശങ്ങൾ ഭേദഗതികളോടെ ഇന്നലത്തെ യോഗം അംഗീകരിച്ചു. ലാസ്റ്റ് ഗ്രേഡ്, ലൈബ്രേറിയൻ, അസിസ്റ്റന്റ് എൻജിനിയർ, പമ്പ് ഓപ്പറേറ്റർ, പബ്ലിക് റിലേഷൻസ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, ഡ്രൈവർ ഗ്രേഡ് 2, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ എന്നീ അനദ്ധ്യാപക തസ്തികകളാണ് ഇതിൽപ്പെടുന്നത് .
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 427/2020) തസ്തികയുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തദ്ദേശസ്വയംഭരണവകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ഓവർസീയർ ഗ്രേഡ് 1 (സിവിൽ) എന്നീ തസ്തികകളിൽ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കാനും കമ്മിഷൻ യോഗം തീരുമാനിച്ചു.
സർട്ടിഫിക്കറ്റ് പരിശോധന
കേരള വാട്ടർ അതോറിട്ടിയിൽ കാറ്റഗറി നമ്പർ 364/17 വിജ്ഞാപന പ്രകാരം സാനിട്ടറി കെമിസ്റ്റ് തസ്തികയലേക്ക് 2020 ഒക്‌ടോബർ ഒന്നിനോ അതിനു മുമ്പോ പി.എസ്.സി.യുടെ അതാത് ജില്ലാ ഓഫീസുകളിൽ സർട്ടിഫിക്കറ്റ് പരശോധന പൂർത്തീകരിക്കണം.
എഴുത്തുപരീക്ഷ
പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ)- മെയിൻ പരീക്ഷ (പാർട്ട് 1- നേരിട്ടുള്ള നിയമനം)(കാറ്റഗറി നമ്പർ 116/17), മെയിൻ പരീക്ഷ (പാർട്ട് 2- തസ്തികമാറ്റം മുഖേന)(കാറ്റഗറി നമ്പർ 117/17), എൻ.സി.എ.-ധീവര(കാറ്റഗറി നമ്പർ 48/19) തസ്തികയിലേക്ക് ഒക്‌ടോബർ 3 ന് ഉച്ചയ്ക്ക് 2 മുതൽ 4.30 വരെ എഴുത്തുപരീക്ഷ നടത്തും.
പരീക്ഷാ സെന്റർ മാറ്റം
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് പി.എസ്.സി. പരീക്ഷകൾക്ക് സെന്റർ മാറ്റം അനുവദിക്കും . ജില്ലാതല പരീക്ഷകൾക്ക് കേന്ദ്രമാറ്റം അനുവദിക്കില്ല.സെന്റർ മാറ്റം ആവശ്യമുള്ളവർ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തതിനു ശേഷം കാരണങ്ങൾ സംബന്ധിച്ച വിവരം/സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ ഇ മെയിലിൽ 5 ദിവസം മുമ്പ് അപേക്ഷിക്കണം. തപാലിൽ അയയ്ക്കുന്നവർ അണ്ടർ സെക്രട്ടറി, ഇ.എഫ്. വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |