ന്യൂഡൽഹി : ഡൽഹിയിൽ 20 രൂപയുടെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ 13 കാരനായ മകന്റെ കൺമുന്നിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. നോർത്ത് ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. മകനൊപ്പം വീടിനടുത്തുള്ള സലൂണിൽ താടി ഷേവ് ചെയ്യാനെത്തിയതായിരുന്നു 38 കാരനായ രൂപേഷ്. മകനേയും രൂപേഷ് ഒപ്പം കൂട്ടിയിരുന്നു.
ഷേവ് ചെയ്ത ശേഷം 50 രൂപയായെന്ന് കടക്കാരൻ പറഞ്ഞു. എന്നാൽ തന്റെ കൈയ്യിൽ ഇപ്പോൾ 30 രൂപ മാത്രമേയുള്ളൂ എന്നും ബാക്കി 20 രൂപ പിന്നെ തരാമെന്നും രൂപേഷ് പറഞ്ഞു. എന്നാൽ കടക്കാരനും അയാളുടെ സഹോദരനും അത് സമ്മതിച്ചില്ല. ഒടുവിൽ തർക്കം മൂർച്ഛിക്കുകയും അത് അടിപിടിയിൽ കലാശിക്കുകയും ചെയ്തു. കടക്കാരനും സഹോദരനും ചേർന്ന് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് രൂപേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഇതിനിടെ രൂപേഷിന്റെ മകൻ പിതാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി. പിതാവിനെ ഉപദ്രവിക്കരുതെന്ന് യാചിച്ചിട്ടും ഇവർ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, രൂപേഷിനെ മർദ്ദിക്കുന്നത് കണ്ട് തടിച്ചുകൂടി നിന്നവരും പ്രതികരിച്ചില്ല. ഇതിൽ ചിലർ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. രൂപേഷിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു. സംഭവത്തിൽ സലൂൺ ഉടമ സന്തോഷ്, സഹോദരൻ സരോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |