ആറ്റിങ്ങൽ: 45 വർഷമായി കേരളകൗമുദി പത്രം മാത്രം വിതരണം ചെയ്യുന്ന ജബ്ബാറിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. 20 മിനിട്ടുള്ള 'കൗമുദി ജബ്ബാർ" എന്ന ഡോക്യുമെന്ററി ഫൈസൽ ഹുസൈനാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞദിവസം പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ ടീസർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മാദ്ധ്യമ, സിനിമ, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഓരോ ജില്ലയിലും ടീസർ പുറത്തിറക്കിയത്. കേരളകൗമുദിയുടെ ആറ്റിങ്ങൽ ലേഖകൻ വിജയൻ പാലാഴിയാണ് തിരുവനന്തപുരത്ത് ടീസർ പുറത്തിറക്കിയത്. മറ്റു ജില്ലകളിൽ ഒ. അബ്ദുള്ള, എ. സജീവൻ, റഹീസ്റഷീദ്, വി.ആർ. രാകേഷ്, ലൈലജംഷീർ, ശ്രീവിദ്യ കാലടി, വിനോദ് കോവൂർ, അക്ഷയ് കിച്ചു, സജീവ് വേലായുധൻ, നെൽസൺ ലേസർ, വിഘ്നേഷ്, റഫീഖ് തോട്ടുമുക്കം എന്നിവരാണ് നവമാദ്ധ്യമങ്ങളിലൂടെ ടീസർ റിലീസ് ചെയ്തത്. കോഴിക്കോട് മുക്കം കൊടിയത്തൂർ സ്വദേശിയായ ജബ്ബാർ 19-ാം വയസിലാണ് കേരളകൗമുദിയുടെ ഏജന്റാകുന്നത്. അന്ന് തിരുവനന്തപുരത്തു നിന്നെത്തുന്ന കേരളകൗമുദി പത്രത്തോട് ജബ്ബാറിന് വല്ലാത്തൊരടുപ്പമായിരുന്നു. അങ്ങനെയാണ് തന്റെ ഗ്രാമമായ മുക്കം കൊടിയത്തൂരിൽ കേരളകൗമുദിയുടെ ഏജന്റായത്. 64-ാമത്തെ വയസിലും കേരളകൗമുദി മാത്രം വിതരണം ചെയ്താണ് ജീവിക്കുന്നത്. ചുറ്റുമുള്ള വാർത്തകൾ ശേഖരിച്ച് യഥാസമയം പത്രമോഫീസിലെത്തിക്കുന്നതും ജബ്ബാറിന്റെ ജീവിതചര്യയാണ്. അങ്ങനെ കൊടിയത്തൂരിലെ സ്വന്തം ലേഖകനുമായി. ഇതിലൂടെ കൗമുദി ജബ്ബാർ എന്ന പേരും ലഭിച്ചു. കേരളകൗമുദിയുടെ മലബാർ ലേഖകനായിരുന്ന പി.ഡി. ദാമോദരന് കൊടിയത്തൂരിലെ വാർത്തകളെത്തിക്കുന്ന ഓർമ്മകളും ജബ്ബാർ പങ്കുവച്ചു. കേരളകൗമുദിയുടെ ലേഖകൻമാർക്ക് മാത്രമല്ല എഡിറ്റർമാർക്ക് വരെ ജബാർ സുപരിചിതനാണ്. ജബ്ബാറിന്റെ ജീവിതാനുഭവങ്ങൾക്കൊപ്പം പ്രമുഖരുടെ അഭിപ്രായങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ഫൈസൽഹുസൈൻ തന്നെയാണ് നിർമ്മാണവും ഛായാഗ്രഹണവുമെല്ലാം നിർവഹിച്ചിരിക്കുന്നത്. ഡോക്യുമെന്ററി ഒക്ടോബർ രണ്ടാംവാരം റിലീസ് ചെയ്യുമെന്ന് ഫൈസൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |