തിരുവനന്തപുരം: സിനിമാ സംവിധാനം പഠിക്കാൻ പോയ ശേഷം അദ്ധ്യാപന രംഗത്തെത്തിയെന്നും അതിനു ശേഷമാണ് യു ട്യൂബർ ആയതെന്നും സ്ത്രീകളെ യു ട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ വിജയ് പി. നായർ പൊലീസിനോടു പറഞ്ഞു. ഏതാനും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ സംവിധാന സഹായിയായിരുന്നെന്ന് പേരുകൾ സഹിതം ഇയാൾ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാൻ സിനിമാ രംഗത്തുള്ള ചിലരെ പൊലീസ് സമീപിക്കും.
പാരലൽ കോളേജുകളിലാണ് പഠിപ്പിച്ചത്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയതെന്നും നമസ്തേ ഇങ്ക് എന്ന ഇംഗ്ളീഷ് വാരികയുടെ എഡിറ്ററാണെന്നും പറഞ്ഞു. ഇന്നലെ രാത്രി വൈകിയും ഇയാളെ പൊലീസ് ചോദ്യം ചെയ്തു.
ഇന്നലെ ശാന്തിവിളയിൽ നിന്ന് അറസ്റ്റിലായ ഇയാളെ നാട്ടുകാർക്കോ പ്രദേശത്തെ ജനപ്രതിനിധികൾക്കോ അറിയില്ല. നഗരത്തിൽ കഴിയുന്ന ഇയാൾ വല്ലപ്പോഴുമാണ് ശാന്തിവിള മാർക്കറ്റിനടുത്തുള്ള വീട്ടിലെത്തിയിരുന്നത്. ഇന്നലെ പൊലീസ് വീട്ടിലെത്തുമ്പോഴാണ് വിജയ് പി.നായർ അവിടെയുണ്ടെന്ന് അയൽവാസികൾ പോലും അറിയുന്നത്. ഇയാളുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവാഹം കഴിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതീക്ഷിച്ച് നിന്നതുപോലെ ഇയാൾ ജീപ്പിൽ കയറി പോവുകയായിരുന്നു.
നേമം പൊലീസിന്റെ പരിധിയിൽ വരുന്നതാണ് കല്ലിയൂർ. എന്നാൽ മ്യൂസിയം പൊലീസ് അറസ്റ്റിനു വേണ്ടി നേമം പൊലീസിന്റെ സഹായം തേടിയില്ല.
വിജയ് പി.നായരെ അറസ്റ്റു ചെയ്യണമെന്നും ഇയാളെ മർദ്ദിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ പൊലീസ് ചുമത്തിയ കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ സംഘടനകൾ ഇന്നലെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു.
വിജയ് പി.നായർക്കെതിരെ പരാതി നൽകിയ ശ്രീലക്ഷ്മിയുടെ മൊഴി ഇന്നലെ മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. വിജയ് നൽകിയ പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തിയ കേസിലെ പ്രതിയാണ് ശ്രീലക്ഷ്മി. ആ കേസെടുത്തത് തമ്പാനൂർ പൊലീസാണെന്നും അതിനാൽ തങ്ങൾക്ക് അവരെ അറസ്റ്റു ചെയ്യാനാകില്ലെന്നുമാണ് മ്യൂസിയം പൊലീസ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |