വടക്കാഞ്ചേരി: വടക്കാഞ്ചേരി ചരൽപ്പറമ്പിലെ വിവാദ ലൈഫ് ഫ്ലാറ്റിന്റെ നിർമ്മാണം നിറുത്തിവച്ചു. ജോലികൾ നിറുത്തിവയ്ക്കാൻ യൂണിടാക്ക് എം.ഡി നിർദ്ദേശിച്ചതായാണ് ജോലിക്കാർ പറയുന്നത്. ഇതിനൊപ്പമുള്ള ആശുപത്രിയുടെ നിർമ്മാണവും നിറുത്തി.
പണി നിറുത്തുന്നതായി യൂണിടാക്ക് ലൈഫ് മിഷന് കത്തും നൽകി. യു.എ.ഇ കോൺസുലേറ്റുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നില്ല എന്നതാണ് കാരണമായി പറയുന്നത്.
അതിനിടെ, സബ് വർക്കായി ഏറ്റെടുത്തിരുന്ന കരാറുകാരൻ പാലക്കാട് സ്വദേശി ബിജു തന്റെ തൊഴിലാളികളെ തിരിച്ചയച്ചു. 350 തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. നിർമ്മാണ സാമഗ്രികൾ മുഴുവൻ മാറ്റിത്തുടങ്ങി. 10 മാസം മുമ്പാണ് കെട്ടിട നിർമ്മാണം തുടങ്ങിയത്. നാലു നിലകളുടെയും കോൺക്രീറ്റ് ജോലികൾ പൂർത്തിയായിരുന്നു. ഉൾവശത്ത് മുറികൾ തിരിക്കുന്ന പ്രവൃത്തികളാണ് നടന്നുവന്നത്. വിവാദങ്ങൾക്കിടയിലും യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനം നടന്നിരുന്നത്. ഡിസംബറിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചിരുന്നത്.
സിമന്റടക്കം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും നിർമ്മാണം പെട്ടെന്ന് നിറുത്തിവയ്ക്കാനാണ് നിർദ്ദേശം ലഭിച്ചതെന്ന് മേൽനോട്ടം വഹിക്കുന്ന രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |