പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവൻ നൂറ് വർഷം മുമ്പ് എത്തി ധ്യാനനിമഗ്‌നനായി ഇരുന്ന, പെരിയാർ പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒക്കൽ തുരുത്ത് ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന പ്രഖ്യാപനം ഇന്നും ജലരേഖ.
ദ്വീപിലെ കുടുംബങ്ങളെക്കുറിച്ചും ഇവിടുത്തെ മനോഹാരിതയെക്കുറിച്ചുമെല്ലാം വർഷങ്ങൾക്ക് മുമ്പ് കേരളാകൗമുദിയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഒക്കൽ തുരുത്തിനെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പ്രഖ്യാപനമുണ്ടായി.
മരച്ചോലകളും പുഴത്തീരവും മണൽത്തിട്ടകളും നിറയുന്ന പ്രകൃതി മനോഹരമായ ഭൂപ്രദേശമായ ഒക്കൽ തുരുത്ത് ഒക്കൽ പഞ്ചായത്തിലാണ്.
പഞ്ചായത്തിന്റെ ആവശ്യമനുസരിച്ച് സ്ഥലം ടൂറിസത്തിനായി അളന്നു തിരിച്ചു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും കോട്ടേജുകൾ, പൂന്തോട്ടം, നീന്തൽകുളം, പെഡൽ ബോട്ട്, എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കായി സാധ്യതാ പഠനത്തിന് മുൻ ജില്ലാ കളക്ടർ ഷേക്ക് പരീത് നിർദേശിച്ചിരുന്നു. കളക്ടറും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ പ്രതിനിധികളും സ്ഥലം സന്ദർശിച്ചിരുന്നു.
സമീപത്തുളള ഇടവൂർ ശങ്കരനാരായണ ക്ഷേത്രപ്രതിഷ്ഠയുടെ ആലോചനക്കായി എത്തിയ ഗുരുദേവൻ ഈ തുരുത്തിൽ വന്ന് ധ്യാനിച്ചിരുന്നുവെന്നാണ് വിശ്വാസം. ഇതിന്റെ ഓർമ്മയ്ക്കായി ഗുരുദേവ ക്ഷേത്രവും ഇവിടെയുണ്ട്.
മുപ്പത് വർഷമായി ഇവിടെ ഒക്കൽ ശിവരാത്രിയും ആഘോഷിക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം, കോടനാട് അഭയാരണ്യം, മലയാറ്റൂർ പള്ളി എന്നിവ സമീപത്തായതിനാൽ ഏറെ വികസന സാധ്യതയുണ്ട്.
അശാസ്ത്രീയമായ മണൽഖനനം മൂലം തുരുത്ത് കുറെയൊക്കെ ഇടിഞ്ഞു, പുഴയിലെ ഒഴുക്കും നിലച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിൽ വീടുകളിൽ വെള്ളം കയറിയിരുന്നു. തുരുത്തിലേക്കു പോകാൻ പാലവും റോഡുമുണ്ട്. ഹ്രസ്വചിത്രങ്ങളുടെയും ആൽബങ്ങളുടെയും ചിത്രീകരണം നടക്കുന്ന സ്ഥലമാണിത്. മരത്തണലും പുഴക്കാറ്റുമുള്ളതിനാൽ ശാന്തസുന്ദരം. ക്യാമ്പുകൾക്കും ശിൽപശാലകൾക്കും അനുയോജ്യമായതിനാൽ ലളിതകലാ അക്കാദമിയുടെ 2 ചിത്രകലാ ക്യാമ്പ്, ഫോക്‌ലോർ അക്കാഡമിയുടെ നാട്ടുകൂട്ടം, കലയരങ്ങിന്റെ അഭിനയ ക്യാമ്പ് തുടങ്ങിയവ ഇവിടെ നടത്തിയിട്ടുണ്ട്. വിവാഹ വിഡിയോ ചിത്രീകരണവും പതിവാണ്.
32 വീടുകളുണ്ട് ഇവിടെ. 22 എണ്ണത്തിലാണ് താമസം. ഇവരുടെ കൈവശത്തിലുള്ള സ്ഥലം ഒഴികെയുള്ളത് ടൂറിസത്തിനായി പ്രയോജനപ്പെടുത്താനാകും.
രാജഭരണകാലത്ത് കൊച്ചി അമ്മൻ കോവിലകത്തെ സ്ത്രീകൾ കെട്ടുവള്ളത്തിൽ ഒക്കൽ തുരുത്തിലെത്തിയിരുന്നതായി പറയുന്നു. മലയാറ്റൂർ പള്ളിയിലേക്ക് വരാപ്പുഴ ചെറായി ഭാഗത്ത് നിന്ന് കെട്ടുവള്ളത്തിലും ചെറുവഞ്ചിയിലും പോകുന്നവരുടെ ഇടത്താവളമായിരുന്നു ഒക്കൽ തുരുത്ത്. വശ്യമനോഹാരിതയും പച്ചപ്പും മണൽത്തിട്ടയും കൊണ്ട് മനസിന് കുളിർ സമ്മാനിക്കുന്ന തുരുത്തിലേക്ക് വിനോദസഞ്ചാരികൾ വരുന്നതും കാത്തിരിക്കുകയാണ് ഒക്കലുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |