തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ വലിയ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും എന്നാൽ ലോക്ഡൗൺ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചേർന്ന സർവകക്ഷിയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് വെെറസ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനാൽ തന്നെ സമരങ്ങളുടെ കാര്യത്തിൽ നിയന്ത്രണം വേണമെന്നും ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാൻ സാദ്ധ്യതയുണ്ടെന്നും അണികളെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ സർവകക്ഷി യോഗത്തിൽ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |