കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത് ലാവ്ലിൻ കേസിൽ സാക്ഷിയായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉയർന്ന ഊഹാപോഹങ്ങളെല്ലാം ഇതോടെ ആവിയായി. സമൻസ് ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാമെന്ന് പ്രതീക്ഷിച്ച പ്രതിപക്ഷത്തിനും ഇ.ഡിയുടെ വെളിപ്പെടുത്തൽ തിരിച്ചടിയായി.
2020ൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സമൻസ്. വിവേക് വിദേശത്ത് ആയിരുന്നതിനാൽ സമൻസ് മടങ്ങി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാൽ തുടർനടപടികൾ എടുത്തില്ലെന്നുമാണ് ഇ.ഡിയുടെ വിശദീകരണം.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലാണ് വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്നത്. ലാവലിൻ കേസിൽ ചിലരെ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ മകന്റെ വിദേശ വിദ്യാഭ്യാസത്തിനായി പണം നൽകിയത് ലാവലിൻ മുൻ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്.
വിവേക് കിരൺ ഈ സമയം യു.കെയിലായിരുന്നു. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ അമ്പതാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമുള്ള സമൻസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് അയച്ചത്.
ലാവലിൻ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് 2006ൽ ക്രൈം പത്രാധിപരായ നന്ദകുമാർ ഡി.ആർ.ഐയ്ക്കും ഇ.ഡിക്കും പരാതി നൽകിയത്. 15 വർഷം നടപടിയെടുക്കാതിരുന്ന ഇ.ഡി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രംഗത്തിറങ്ങിയത്.
ഇ.ഡി സമൻസ് കൊടുത്തത്
ആരുടെ കൈയിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇ.ഡി സമൻസ് കൊടുത്തത് എവിടെയാണ്. ആരുടെ കൈയിലാണ്. ആർക്കാണ് അയച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. വാർത്ത നൽകിയ മാദ്ധ്യമത്തിന് ഇ.ഡിയുമായി ബന്ധമെന്താണ്. പ്രതിപക്ഷനേതാവടക്കം ഉടനടി പ്രതികരിച്ചല്ലോ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം. നിങ്ങൾ അയച്ച കടലാസ് ഇങ്ങോട്ട് താ എന്ന് ഞാൻ പറയണോ.
മാദ്ധ്യമങ്ങളുടെ സ്നേഹ വാത്സല്യങ്ങൾ ഏതെല്ലാം രീതിയിൽ അനുഭവിച്ചതാണ് ഞാൻ. അതൊന്നും കൂസലില്ലാതെ നേരിട്ടു. ഇതൊന്നും എന്നെ ഏശില്ല. എത്ര വർഷമായി ഈ രീതി തുടർന്നിട്ട്. ഇതൊക്കെ ശരിയായ രീതിയിൽ നേരിടാൻ അറിയാം. ഗൂഢാലോചനയെപ്പറ്റി പറയുന്നില്ല. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് അവരാണ് (ഏജൻസിയും പത്രവും).
പത്തുവർഷമായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒട്ടേറെ അഭിമാനകരമായ കാര്യങ്ങൾ ചെയ്തു. നാട്ടിൽ എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് ജനങ്ങൾക്കറിയാം. പദ്ധതികളുടെ കരാർ കിട്ടാൻ പലേടത്തും നിശ്ചിത ശതമാനം വിഹിതം നൽകണം. കേരളത്തിൽ അങ്ങനെയുണ്ടോ. അഴിമതി അനുവദിക്കില്ലെന്ന് നിർബന്ധമുണ്ട്. ഉന്നത തലത്തിലെ അഴിമതി പൂർണമായി അവസാനിപ്പിക്കാനായി.
'ഉള്ളാലെ ചിരിച്ചു
അതാണ് രീതി'
ഞാൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കളങ്കിതനാക്കാൻ ശ്രമം നടന്നപ്പോഴെല്ലാം ശാന്തമായി പ്രതികരിച്ചിട്ടുമുണ്ട്. ഒന്നും എന്നെ ബാധിച്ചിട്ടില്ല. ഉള്ളാലെ ചിരിച്ച് പലതും കേട്ടുനിന്നിട്ടുണ്ട്. അതാണ് രീതി. ഒരു ദുഷ്പേരും എനിക്കുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഏതെങ്കിലും വിധത്തിൽ തന്നെ പ്രയാസയപ്പെടുത്താമെന്ന് കരുതേണ്ട.
നനഞ്ഞ പടക്കമായി
എന്റെ പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോവാനാണ് ശ്രമം. കുടുംബം പൂർണമായി അതിനൊപ്പംനിന്നു. രണ്ടു മക്കളും അതേനില സ്വീകരിച്ചു. എം.എ.ബേബി വാർത്തകൾ മുഖവിലയ്ക്കെടുത്ത് വസ്തുതകൾ മനസിലാക്കാതെ പ്രതികരിച്ചതാണ്. തിരഞ്ഞെടുപ്പ് അടുത്തില്ലേ വലിയ ബോംബ് വരാനുണ്ടെന്ന് ഒരാൾ പറഞ്ഞു. ഇതൊരു നനഞ്ഞ പടക്കമായിപ്പോയി. ഇനിയും പലതും വരുമായിരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
ഇ.ഡി സമൻസ്
അയച്ചോയെന്ന്
അറിയില്ല: ബേബി
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇ.ഡിയുടെ സമൻസിനെക്കുറിച്ചുള്ള പരാമർശത്തിൽ നിലപാട് തിരുത്തി സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. സമൻസ് അയച്ചോ എന്ന കാര്യം തനിക്ക് അറിയില്ലെന്ന് ബേബി ഇന്നലെ ഡൽഹിയിൽ പറഞ്ഞു. സമൻസിൽ തുടർനടപടി സ്വീകരിച്ചില്ല എന്നതിന് അർത്ഥം സമൻസിൽ കഴമ്പില്ലെന്നാണ്. സമൻസ് അയച്ചെന്നുള്ള രീതിയിൽ വന്ന വാർത്ത അസംബന്ധമാണ്. സമൻസ് അയച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് വാർത്ത നൽകിയവരാണെന്നും ബേബി പറഞ്ഞു. നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് നോക്കിയതെന്നും കുലുക്കമില്ലെന്ന് കണ്ടതോടെ ഇ.ഡി അനങ്ങിയില്ലെന്നും കഴിഞ്ഞ ദിവസം ബേബി പറഞ്ഞിരുന്നു.
ഇങ്ങനെയൊരു പ്രതിപക്ഷം
ലോകത്തുണ്ടോ: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമനിർമ്മാണത്തിൽ സഹകരിക്കാതെ സഭയിൽ ബഹളം കാട്ടാൻ മാത്രം ശ്രമിക്കുന്ന ഇങ്ങനെയൊരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലുമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഹാസ്യമായ നിലയിലാണ് പ്രതിപക്ഷം. ഏത് പ്രശ്നത്തിനും സഭയിൽ മറുപടി പറയാൻ സർക്കാർ സന്നദ്ധരായിരുന്നു. അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്ക് തയ്യാറുമായിരുന്നു. സഭയിൽ ഒരു പ്രശ്നങ്ങളും ആവശ്യവും ഉന്നയിക്കാതെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ഭരണപക്ഷം സഹകരിക്കാതിരുന്നാലോ മന്ത്രിമാർ മറുപടി നൽകാതിരുന്നാലോ ആണ് സാധാരണ സഭാനടപടികൾ അലങ്കോലപ്പെടുത്താറുള്ളത്. പക്ഷേ ആവശ്യങ്ങളുന്നയിക്കാതെ ബഹളം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ ഗൾഫ്
പര്യടനത്തിന് അനുമതി
സൗദി യാത്ര ഇല്ല
തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടു നിൽക്കുന്ന മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. എന്നാൽ സൗദി സന്ദർശിക്കാൻ അനുമതി ഇല്ല. പലഘട്ടങ്ങളിലായിട്ടാവും യാത്ര. മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനുമുൾപ്പെട്ട സംഘം ഇന്ന് വൈകിട്ട് യാത്ര തിരിക്കുമെന്നാണ് അറിയുന്നത്. 16ന് ബഹ്റനിൽ പ്രവാസി മലയാളി സംഗമത്തിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുക്കുക. 22 ന് മസ്ക്കറ്റിലെത്തും. 24 നാണ് അവിടെ പൊതുപരിപാടി. 25 ന് സലാലയിലെ പരിപാടിയിലും പങ്കെടുത്ത് 26 ന് കൊച്ചിയിലെത്തും. 28 ന് വീണ്ടും ഖത്തറിലേക്ക് പുറപ്പെടും. 30 ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി വീണ്ടും നവംബർ അഞ്ചിന് കുവൈറ്റിലെത്തും. അവിടെ നിന്ന് അബുദാബിയിലേക്ക് പോകുന്ന അദ്ദേഹം അഞ്ച് ദിവസത്തോളം അവിടെ തങ്ങും. മകൻ വിവേക് അബുദാബിയിലാണ് ഉള്ളത്. ഇപ്പോഴത്തെ ഷെഡ്യൂൾ ഇങ്ങനെയാണെങ്കിലും യാത്രാ പരിപാടിയിൽ മാറ്രം വന്നേക്കുമെന്നും സൂചനയുണ്ട്.
ബി.ജെ.പിയെ സഹായിച്ചതിന്
പിന്നിൽ ഇ.ഡി
സമൻസോ: സതീശൻ
ചാവക്കാട്: മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് നൽകിയിട്ടും അത് മൂടിവച്ചതെന്തുകൊണ്ടാണെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചാവക്കാട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആരോടും പറയാതെ മൂടിവച്ച് സെറ്റിൽ ചെയ്യുകയായിരുന്നു. പൂരം കലക്കിയതിന്റെയും തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ എല്ലാ സഹായവും ചെയ്ത് കൊടുത്തതിന്റെയും കാരണം ഇ.ഡി സമൻസാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമലയിലെ സ്വർണ കവർച്ചയെ കുറിച്ചും ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റതിനെ കുറിച്ചും പ്രതിപക്ഷം പറഞ്ഞത് ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയത്. അന്നത്തെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണം നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |