തിരുവനന്തപുരം : യൂട്യൂബ് ചാനലിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റും പരാതിയിൽ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത വിജയ് പി.നായരെ, ഇയാൾ താമസിച്ചിരുന്ന ഗാന്ധാരി അമ്മൻ കോവിലിനു സമീപത്തെ ലോഡ്ജിലെത്തിച്ച് ഇന്നലെ തെളിവെടുത്തു.
മ്യൂസിയം പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ലോഡ്ജ് മുറിയിൽ നിന്ന് വീഡിയോ ചിത്രീകരിക്കാനുപയോഗിച്ച ട്രൈപോഡ് അടക്കമുളള ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. ലാപ്‌ടോപ്പ് അടക്കമുളള ഉപകരണങ്ങൾ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. കേസന്വേഷണം ഇന്ന് സൈബർ പൊലീസ് ഏറ്റെടുക്കും. വിജയ് പി. നായർ, ശാന്തിവിള ദിനേശ് എന്നിവർക്കെതിരായ പരാതിയിൽ ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭാഗ്യലക്ഷ്മിയുടെ ഫ്ളാറ്റിലെത്തിയും മറ്റുളളവരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുമാണ് മൊഴി രേഖപ്പെടുത്തിയത്.
സൈനികരെ
അപമാനിച്ചതായും പരാതി
യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി.നായർ, സൈനികരെ അധിക്ഷേപിച്ചതായും പരാതി. സൈനികർക്കായുള്ള എക്‌സർവീസ് ജോബ് ഫൈറ്റേഴ്സ് എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരാതി. അതിർത്തിയിൽ കഴിയുന്ന സൈനികർക്ക് സ്ത്രീകളുടെ സാമീപ്യമില്ലെന്നും ,അതിനാൽ പല വൈകൃതങ്ങൾക്കും അടിമകളാണെന്നുമായിരുന്നു യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ പരാമർശം.
വിവാദ വീഡിയോ
നീക്കം ചെയ്തു
സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി. നായർ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോകൾ യൂട്യൂബ് നീക്കി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണിത്. ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്.
അശ്ലീല പദപ്രയോഗങ്ങളും പരാമർശങ്ങളുമാണ് ഇയാൾ കഴിഞ്ഞ നാല് മാസമായി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നത്. വിട്രിക്‌സ് സീൻ എന്നായിരുന്നു ചാനലിന്റെ പേര്. ആദ്യം സിനിമയും സ്റ്റോക്ക് മാർക്കറ്റിംഗും സംബന്ധിച്ചുമായിരുന്നു വീഡിയോകൾ. പിന്നീട് അശ്ലീലവും സ്ത്രീവിരുദ്ധതയും കൂട്ടിച്ചേർത്ത് വീഡിയോകൾ സ്വയം തയാറാക്കി അവതരിപ്പിക്കുകയായിരുന്നു. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത തലക്കെട്ടുകളോടെയാണ് യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ചില വനിതകളെ പേരെടുത്തുപറഞ്ഞും, മറ്റു ചിലരെ പേര് പറയാതെ ഐഡന്റിന്റി വെളിപ്പെടുത്തിയുമൊക്കെയായിരുന്നു വീഡിയോകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |