തിരുവനന്തപുരം: കൊവിഡിന്റെ മരണക്കളി ഏറ്റവും രൂക്ഷമായ മാസങ്ങളിലൊന്നായി സെപ്തംബർ. ഈ മാസം മാത്രം 400 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നേരത്തെ കൊവിഡ് മരണത്തിന്റെ പ്രതിദിന ശരാശരി അഞ്ച് ആയിരുന്നെങ്കിൽ ഇപ്പോഴത് 20 ആയി ഉയർന്നു. ഈ മാസം രണ്ടിന് 300 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ, പിന്നീടുള്ള 28 ദിവസം കൊണ്ട് നൂറ് പേരുടെ ജീവൻ അപഹരിച്ച കൊവിഡ്, മരണനിരക്ക് 400ൽ എത്തിച്ചു. ഇതുവരെ 719 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.
ദേശീയതലത്തിൽ കൊവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിൽ 0.39 ശതമാനം ആണ് മരണനിരക്ക്, മരണനിരക്കിന്റെ കാര്യത്തിൽ ഇത് കേരളത്തിന് ആശ്വാസത്തിന് വക നൽകുന്നതാണെങ്കിലും നിരക്ക് കൂടാതെ നോക്കുകയെന്നത് ശ്രമകരമാണ്. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ ഇപ്പോൾ മരണനിരക്ക് പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് ആരോഗ്യവകുപ്പ്.
മരണനിരക്ക് കൂടുതൽ യുവാക്കളിൽ
നേരത്തെ പ്രായം ചെന്നവരിൽ ആയിരുന്നു മരണനിരക്ക് കൂടുതലെങ്കിലും ഇപ്പോഴത് യുവാക്കളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. കൊവിഡ് ബാധിക്കുന്നവരിൽ 20നും 40നും ഇടയിലുള്ളവരിൽ മരണനിരക്ക് കൂടുതലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞതും ഇതും കൂടി കണക്കിലെടുത്താണ്.
റിവേഴ്സ് ക്വാറന്റൈനിന്റെ ഭാഗമായി സർക്കാർ നടത്തിയ കണക്കെടുപ്പിൽ 42.49 ലക്ഷം വൃദ്ധരുടെ വിവരങ്ങൾ സമാഹരിച്ചിരുന്നു. ഇതിൽ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനംപേർ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശരോഗങ്ങൾ, അർബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ്. നിലവിൽ കോവിഡ് മൂലം മരിച്ചവരിൽ 80 ശതമാനം മറ്റ് അസുഖങ്ങളുള്ളവരാണ്.
പ്രത്യേക സംവിധാനമൊരുക്കും
മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ മുതിർന്നവരുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് പ്രത്യേക സംവിധാനമൊരുക്കാൻ ആലോചിക്കുന്നുണ്ട്. 18 നും 40 നും ഇടയിൽ പ്രായമുള്ള 35 പേരും 41-59 പ്രായപരിധിയിലെ 164 പേരും ഇക്കാലയളവിൽ മരിച്ചിട്ടുണ്ട്. 72 മരണങ്ങൾ ഇതുവരെയും കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
മരണ നിരക്ക്
ആദ്യ മരണം - മാർച്ച് 28
മരണം 10 - ജൂൺ 1
മരണം 50 - ജൂലായ് 23
മരണം 100 - ആഗസ്റ്റ് 7
മരണം 200- ആഗസ്റ്റ് 21
മരണം 300 സെപ്തംബർ 2
മരണം 400- സെപ്തംബർ 11
മരണം 500 - സെപ്തംബർ 18
മരണം 600 - സെപ്തംബർ 24
മരണം 700 സെപ്തംബർ 29
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |