മോസ്കോ : റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയായതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൈബീരിയയിലെ സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്ടർ ( വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് ) വികസിപ്പിച്ച വാക്സിന്റെ പരീക്ഷണങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
ഈ മാസം ആദ്യം തന്നെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയിരുന്നു. ' എപിവാക് കൊറോണ ' ( EpiVacCorona ) എന്നാണ് വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വാക്സിന് നൽകിയിരിക്കുന്ന പേര്. ആദ്യ ഘട്ടത്തിൽ തന്നെ എപിവാക് കൊറോണ മനുഷ്യർക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി വെക്ടറിലെ ഗവേഷകർ പറഞ്ഞിരുന്നു.
റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നികിൽ നിന്നും വ്യത്യസ്ഥമാണ് എപിവാക് കൊറോണ. ഓരോ വോളന്റിയർമാരിലും എപിവാക് കൊറോണയുടെ രണ്ട് ഡോസുകൾ വീതമാണ് കുത്തിവച്ചത്. വോളന്റിയർമാരിൽ എപിവാക് കൊറോണ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തിയതായും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നാണ് സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിൽ സ്ഥിതി ചെയ്യുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട്.
നാല് ദശാബ്‌ദത്തിലേറെയായി പ്രവർത്തിക്കുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന് എബോളയുൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിരോധ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്. മാർച്ചിൽ തന്നെ കൊവിഡ് വാക്സിനായുള്ള ഗവേഷണങ്ങൾ വെക്ടറിൽ തുടങ്ങിയിരുന്നു. 14 പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ 43 പേർക്കായിരുന്നു വാക്സിൻ നൽകിയത്.
ഒക്ടോബർ 15ന് എപിവാക് കൊറോണ വാക്സിൻ രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 8,481 പേർക്കാണ് റഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,176,286 ആയി. 20,722 പേരാണ് റഷ്യയിൽ ഇതുവരെ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |