കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 16-ാം അമീറായി കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് (83)അധികാരമേറ്റു. കുവൈറ്റ് സിറ്റിയിലെ നാഷണൽ അസംബ്ലിയിൽ ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
രാജ്യത്തിന്റെ ഭരണഘടനയെയും നിമയത്തെയും ബഹുമാനിക്കുന്നതായി ഷെയ്ഖ് നവാഫ് പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യം, താത്പര്യം, സമ്പത്ത് തുടങ്ങിയവ സംരംക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനാണ്. എല്ലാത്തിലും ഉപരി രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
15-ാം അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ (91) അൽ സബാഹ് അന്തരിച്ചതിനെ തുടർന്നാണ് പുതിയ സ്ഥാനാരോഹണം. രണ്ടുമാസമായി അമേരിക്കയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അമേരിക്കയിൽ നിന്ന് കൊണ്ടുവരുമ്പോൾ ഏറ്റുവാങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ഷെയ്ഖ് നവാഫ്
നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.
ഷെയ്ഖ് സബാഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് അർദ്ധസഹോദരനായ ഷെയ്ഖ് നവാഫ് ജൂലായ് 18 മുതൽ ഭരണാധികാരിയുടെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.
2006ൽ ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റതോടെയാണ് ഷെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്.
പ്രതിരോധ,ആഭ്യന്തര മന്ത്രിയായിരുന്നു.
1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം തൊഴിൽ,സാമൂഹിക കാര്യ മന്ത്രിയായി.
1994- 2003വരെ ദേശീയ സുരക്ഷാ ഗാർഡിന്റെ ഉപ മേധാവിയായിരുന്നു.
ഗൾഫ് കോ-ഒാപ്പറേഷൻ കൗൺസിൽസമ്മേളനങ്ങളിൽ നിർണായകമായ റോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |