കൊച്ചി: മക്കളുടെ ചികിത്സയ്ക്കും ഉപജീവനത്തിനും സഹായം വാഗ്ദാനം ചെയ്ത ജില്ലാ ഭരണകൂടം പിന്നീട് അപമാനിച്ചെന്നാരോപിച്ച് അഞ്ചു മക്കളുമായി തെരുവോരത്ത് വീട്ടമ്മ നടത്തുന്ന രണ്ടാംഘട്ട കുടിൽകെട്ടി സമരം 12 നാൾ പിന്നിടുന്നു.കൊച്ചി കണ്ടെയ്‌നർ റോഡിന്റെ ഓരത്താണ് 11 വയസുള്ള ഒരു പെൺകുട്ടിയുൾപ്പെടെ 5 മക്കളും മാതാവും സത്യാഗ്രഹമിരിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ച ശാന്തി (44) മക്കളുടെ ചികിത്സക്കുവേണ്ടിയാണ് 2014 ൽ പാലക്കാട് നിന്ന് എറണാകുളത്തെത്തിയത്. മൂന്നുവർഷം മുമ്പ് റോഡപകടത്തിൽ പരിക്കുപറ്റിയ ഇളയമകളും 2019 ജൂലായ് 19ന് ബൈക്ക് ഇടിച്ചുവീണ മൂത്തമകനും വയറ്റിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മൂന്നാമത്തെ മകനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ചികിത്സയ്ക്ക് വലിയ തുക വേണം. മുമ്പ് ആൺമക്കൾ മൂവരും ജോലിക്കുപോയിരുന്നു. ഇപ്പോൾ രണ്ടുപേർക്ക് അതിന് കഴിയുന്നില്ല. മൂന്നാമന് ജോലിയുമില്ല. രണ്ടുപേർ പ്ലസ് വണ്ണിനും ആറാം ക്ലാസിലും പഠിക്കുന്നു.
താമസിച്ചിരുന്ന വീട്ടിൽനിന്ന് വാടകക്കുടിശികയുടെ പേരിൽ ഇറക്കിവിട്ടെന്നും മക്കളുടെ ചികിത്സയ്ത്തുവേണ്ടി അമ്മയുടെ ഹൃദയം ഉൾപ്പെടെ ഏത് ആന്തരികാവയവങ്ങളും വിൽക്കാൻ സന്നദ്ധമാണെന്നും എഴുതിയ പ്ലക്കാർഡുമായി കഴിഞ്ഞമാസം 21ന് ഇവർ സത്യാഗ്രഹം അനുഷ്ഠിച്ചിരുന്നു. 22 ന് മുളവുകാട് പൊലീസും തഹസിൽദാരുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പഠനച്ചെലവ് ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് ജില്ലാഭരണകൂടത്തിനു വേണ്ടി തഹസിൽദാർ ഉറപ്പുനൽകി. തുടർന്ന് എറണാകുളം ലയൺസ് ക്ലബ് വാടകക്കുടിശിക 40,000 രൂപ വീട്ടുടമയ്ക്ക് നേരിട്ടുനൽകി. ശാന്തിക്ക് 10 കിലോ അരിയും പലവ്യഞ്ജനങ്ങളും നൽകി. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അന്വേഷിക്കാൻ കളക്ടറേറ്റിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ആക്ഷേപിച്ചുവിട്ടെന്നാണ് ആരോപണം. 13,000 രൂപയുടെ വാടകവീട്ടിൽ താമസിക്കുന്നു, ടച്ച് ഫോൺ ഉപയോഗിക്കുന്നു എന്നൊക്കെയായിരുന്നു ആക്ഷേപങ്ങൾ. മൊബൈൽ ഫോൺ ഇളയമക്കളുടെ ഓൺലൈൻ പഠനത്തിനു വാങ്ങിയതാണെന്ന് ശാന്തി പറഞ്ഞു.
നിത്യച്ചെലവിനും വീട്ടുവാടകയ്ക്കും നിവൃത്തിയില്ലാതെ വലയുമ്പോൾ, സഹായിക്കുന്നതിനു പകരം തന്റെ സ്ത്രീത്വത്തെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് സമരമെന്നും ശാന്തി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |